നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സ്‌കൂള്‍ ബാഗില്‍ നിന്നു കണ്ടെടുത്തു. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്യാനായില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യും. വാത്തിക്കുടി സ്വദേശിനി യുവതി ചൊവ്വ രാത്രിയോടെയാണു വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്.

സംഭവദിവസം യുവതിയെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കട്ടപ്പനയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണു വീട്ടില്‍ പ്രസവിച്ചത്.

സംഭവത്തെക്കുറിച്ചു പെണ്‍കുട്ടി നല്‍കിയ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. നവജാതശിശു ജനിച്ചപ്പോള്‍ തന്നെ മരിച്ചെന്നാണു പെണ്‍കുട്ടിയുടെ ആദ്യമൊഴി. എന്നാല്‍ ശ്വാസം മുട്ടിയാണു കുഞ്ഞു മരിച്ചതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.