‘കല്‍ക്കി ഭഗവാന്റെ’ വിവിധ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത ഏകദേശം 409 കോടിയുടെ രസീത് കണ്ടെത്തി. ഇതിന് പുറമെ പണമായി 43.9 കോടി രൂപയും 18 കോടി യുഎസ് ഡോളറും പിടിച്ചെടുത്തു. സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ ആകെ 93 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

3 ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ 88 കിലോ സ്വര്‍ണവും കണ്ടെടുത്തു. ആന്ധ്രപ്രദേശിലെ വരടൈപാലം, ചെന്നൈ, തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലുമായി നടന്ന പരിശോധനയില്‍ 500 കോടി രൂപയുടെ കണക്കില്‍പെടാത്ത സ്വത്തുവകകളുടെ രേഖരൃകള്‍ കണ്ടെടുത്തതായാണ് വിവരം. തത്വശാസ്ത്രം, ആത്മീയത എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന വിവിധ ക്യാംപസുകള്‍ക്ക് പുറമെ കല്‍ക്കി ഭഗവാന്റെയും മകന്റെയും വീടുകളിലും പരിശോധന നടന്നു.

കല്‍ക്കി ഭഗവാന്‍ സ്ഥാപിച്ച സൗഖ്യ പരിപാടികള്‍ നടത്തുന്ന ട്രസ്റ്റുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാല്‍പതോളം സ്ഥലങ്ങളിലും പരിശോധന നടത്തി. ഇന്ത്യയിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, കായികം എന്നീ മേഖലകളില്‍ നടക്കുന്ന നിരവധി പണമിടപാടുകളുടെ രേഖകള്‍ മറച്ചുവയ്ക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പു പരിശോധന നടത്തിയത്. ഇന്ത്യയില്‍ നിന്നും സൗഖ്യ പരിപാടികളില്‍ പങ്കെടുത്ത വിവിധ വിദേശ ഇടപാടുകാരില്‍ നിന്നുമായി ചൈന, യുഎസ്, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലുള്ള കല്‍ക്കി ഭഗവാന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പണമിടപാടുകള്‍ നടത്തിയതായും രേഖകളുണ്ട്.