ബാലതാരം സനൂപിന്റെ പേരില്‍ ചലച്ചിത്ര നടിമാരെയും റിയാലിറ്റി ഷോ താരങ്ങളെയും ഫോണില്‍ വിളിച്ചു സല്ലപിച്ച പൊന്നാനി സ്വദേശി അറസ്റ്റില്‍. പൊന്നാനി സ്വദേശി രാഹുലിനെ (22) കണ്ണൂര്‍ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. സനൂപിന്റെ അച്ഛന്‍ സന്തോഷ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ബാലതാരമായ സനൂപാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്
ഇയാള്‍ നടിമാരെ ഉള്‍പ്പെടെ വിളിച്ചിരുന്നത്. ചേച്ചി സനൂഷയുമൊത്തുള്ള സനൂപിന്റെ ഫോട്ടോയായിരുന്നു ഇയാളുടെ വാട്‌സ്ആപ്പ് ഡിപി എന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. കുട്ടികളുടേതിന് സമാനമായ സംഭാഷങ്ങളായിരുന്നു മെസേജുകളിലുണ്ടായിരുന്നതും.

സനൂപ് വിളിക്കാറുള്ളതായി നടിമാര്‍ സനൂഷയെ വിവരം അറിയിച്ചതോടെയാണ് ആരോ കബളിപ്പിക്കുന്നതാണെന്ന കാര്യം പുറത്തുവന്നത്.അനു സിത്താര, ഭാമ, മഞ്ജുപിള്ള, റിമി ടോമി തുടങ്ങി നിരവധി നടിമാരെ വരെ ഇത്തരത്തില്‍ ഫോണില്‍ വിളിച്ച് പറ്റിക്കുകയും ചെയ്തു. തുടര്‍ന്ന് സനൂപിന്റെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് കോളുകള്‍ വരുന്നതെന്ന് കണ്ടെത്തി. സിം കാര്‍ഡിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ ഉടമയൊരു സ്്ത്രീയാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഇവരുടെ മകനെ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് 2 വര്‍ഷം മുന്‍പ് വീട് പൊളിക്കുന്നതിനിടെ സിം കാര്‍ഡ് നഷ്ടമായിരുന്നുവെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട് പൊളിച്ച എല്ലാ തൊഴിലാളികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും പ്രതിയിലേക്കെത്താനായിരുന്നില്ല.

പൊന്നാനിയിലെ ഒരു ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ നിന്നാണ് ഫോണ്‍കോളുകള്‍ വരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്നാണ് പൊന്നാനി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വോഷണത്തില്‍ യുവാവ് പിടിയിലാവുകയായിരുന്നു. വീണു കിട്ടിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ നടിമാരെ വിളിച്ചിരുന്നത്. ഓരോരുത്തരുടെയും കൈയില്‍ നിന്ന് മറ്റു നടിമാരുടെ നമ്പര്‍ വാങ്ങുകയായിരുന്നു പതിവ്. പൊലീസ് തന്നെ അന്വേഷിച്ചെത്താതിരിക്കാതിരിക്കാനായി വീടിനടുത്ത് നിന്ന് ഒന്‍പതു കിലോമീറ്റര്‍ മാറിയാണ് ഇയാള്‍ ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഇവിടെയെത്തി ഫോണ്‍ ചെയ്ത ശേഷം ഫോണ്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു പതിവ്.