കോൺഗ്രസിൽ നടക്കുന്നത്‌ വിൽപനയാണെന്നും ഇതിൽ പ്രതിഷേധിച്ച്‌ കോന്നി തെരഞ്ഞെടുപ്പിൽ ജനീഷ്‌കുമാറിന്‌ വോട്ടുചെയ്യുമെന്നും മുൻ ഡിസിസി അംഗം സുരേഷ്‌ ആങ്ങമൂഴി, യൂത്ത്‌ കോൺഗ്രസ്‌ സീതത്തോട്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ജോസഫ്‌ കെ സണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ആയിരത്തോളം പേർ കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മിൽ ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കയാണ്‌. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ നീതികേട് കാട്ടിയെന്നും അവർ പറഞ്ഞു. മണ്ഡലത്തിലുള്ളയാൾക്ക്‌ സ്ഥാനാർഥിത്വം നിഷേധിച്ച്‌ പുറത്തുനിന്നുള്ളയാളെ മത്സരിപ്പിച്ചു. കോൺഗ്രസിന്റെ നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടിട്ടും തീരുമാനം മാറ്റിയില്ല.കോൺഗ്രസ്‌ പാർടിയിലെ സ്ഥാനമാനങ്ങൾ നിശ്‌ചയിക്കുന്നത്‌ ജാതിയും മതവും പണവും ആയിരിക്കുന്നു. പാർടിയെ വിൽക്കുകയാണ്‌ ഇവർ.

സമുദായം പറഞ്ഞത്‌ കേട്ട്‌ സീറ്റ്‌ വിട്ടുകൊടുത്ത രമേശ്‌ ചെന്നിത്തല വഞ്ചകനാണ്‌. ഗ്രൂപ്പിൽ കൂടെ നിൽക്കുന്നവരെ വഞ്ചിച്ച്‌ സ്വകാര്യ താൽപര്യങ്ങൾക്കുള്ള ഉപകാരസ്‌മരണ നിറവേറ്റുകയായിരുന്നു ചെന്നിത്തല. വർഗീയപാർടിയായി കോൺഗ്രസ്‌ അധപതിക്കുകയാണ്‌. സമുദായം പറയുന്നത്‌ കേട്ട്‌ പ്രവർത്തകരുടേയും ജനങ്ങളുടെയും താൽപര്യം നോക്കാതെ സ്ഥാനാർഥിയെ നിശ്‌ചയിക്കുകയാണ്‌. സീതത്തോട്‌ പഞ്ചായത്തിൽ കോൺഗ്രസ്‌ പാർടിയെ വളർത്തിയെടുക്കാൻ പരിശ്രമിച്ചവരെല്ലാം വഞ്ചിക്കപ്പെട്ടു. അഭിപ്രായം പറയുന്നവരെ ഒഴിവാക്കുന്ന നയമാണ്‌ സ്വീകരിക്കുന്നതെന്നും സുരേഷ്‌ ആങ്ങമൂഴിയും ജോസഫ്‌ കെ സണ്ണിയും പറഞ്ഞു.

ജനീഷ്‌കുമാറിനെ സീതത്തോടുകാർക്ക്‌ നന്നായി അറിയാം. ജാതിമത രാഷ്‌ട്രീയ വ്യത്യാസമില്ലാതെ സീതത്തോടുകാർ നെഞ്ചേറ്റിയ നേതാവാണ്‌ ജനീഷ്‌. സീതത്തോടുകാർക്ക്‌ സ്വന്തം നാട്ടുകാരനെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു. കോന്നിക്കാരനായ ജനീഷ്‌കുമാറിന്റെ ജയത്തിനായി പ്രവർത്തിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.