ഇരുപത് ദിവസം നീണ്ട തിരഞ്ഞെടുപ്പ് മാമങ്കത്തിന് കോന്നിയിൽ തിരശീല വീണു. കോന്നി ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ നിന്ന് അടൂർ പ്രകാശ് വിട്ടുനിന്നു. അടൂർ പ്രകാശിന്റെ അസാനിധ്യം സൃഷ്ടിച്ച അങ്കലാപ്പിലാണ് യുഡിഎഫ്. തകർത്ത് പെയ്ത മഴയേ അവഗണിച്ചും മൂന്ന് മുന്നണികളുടെയും പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കാളികളായി.

കോന്നിയിലെ കൊട്ടിക്കലാശ വേദിയിലേക്ക് ആദ്യം എത്തിയത് എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറാണ്. ചുവന്ന കുങ്കുമ്മ അന്തരീക്ഷത്തിലേക്ക് വാരി വിതറി പാർടി പ്രവർത്തകർ ജനീഷിനെ തുറന്ന ജീപ്പിൽ ആനയിച്ചു. ഇടവും വലവും മന്ത്രിമാരായ എം എം മണിയും, കെ രാജുവും എം എൽ എ മാരായ വീണ ജോർജ്ജും, ചിറ്റയം ഗോപകുമാറും, നാസിക്ക് ഡോളിന്റെ അകമ്പടിയിൽ യുവാക്കൾ നൃത്തം ചവിട്ടി എല്‍ഡിഎഫ് കളം ഉറപ്പിച്ചു .

തൊട്ട് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജ് എത്തി. തുറന്ന ജീപ്പിൽ ആന്റോ ആൻറണി എംപി ചില പ്രദേശിക നേതാക്കളും, എല്ലാ കണ്ണുകളും അടൂർ പ്രകാശിനെ തിരഞ്ഞു. 23 വർഷകാലം കോന്നിയെ പ്രതിനിധീകരിച്ച അടൂർ പ്രകാശ് കൊട്ടി കലാശത്തിന് എത്താതിരുന്നത് കോൺഗ്രസ് ക്യാമ്പിനെ അക്ഷരാർത്ഥാത്തിൽ പ്രതിസന്ധിയിലാക്കി. റോബിൻ പീറ്ററുടെ അസാന്നിധ്യവും ശ്രദ്ധേയമായി. മഴ കൂടി പെയ്തതോടെ സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിന് പിറകിൽ നാമമാത്രമായ ആളുകൾ മാത്രമായി. മറ്റ് മണ്ഡലങ്ങളിൽ നിന്നെത്തിയ യുവാക്കളായ കോൺഗ്രസ് പ്രവർത്തകർ കൂടി ഇല്ലായിരുന്നെങ്കിൽ കോൺഗ്രസിന്റെ കൊട്ടി കലാശം ശുഷ്കം ആയി മാറുമായിരുന്നു. നിരാശയിലായ പ്രവർത്തകർ പോലീസുമായി വാക്ക് തർക്കത്തിലേർപ്പെട്ട് വിഷയം വഴി തിരിക്കാൻ നോക്കിയെങ്കിലും പോലീസ് നിസംഗഭാവത്തിൽ അതിനെ നേരിട്ടു.

കേന്ദ്ര മന്ത്രി വി. മുരളീധരനൊപ്പം ആണ് കെ സുരേന്ദ്രൻ കൊട്ടി കലാശ വേദിയിലെത്തിയത്. മൂന്ന് മുന്നണികളുടെയും പ്രവർത്തകരുടെ ആവേശത്തിലേക്ക് മഴ ആർത്തിരമ്പി പെയ്തെങ്കിലും അതിനെ കവച്ച് വെയ്ക്കുന്ന പ്രചരണ കോലാഹലം ആണ് എല്ലവരും നടത്തിയത്. വിജയികയെന്ന ഉറച്ച പ്രതീക്ഷയാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി ജനീഷിന് ഉള്ളത്. രാവിലെ ഏനാദിമംഗലത്ത് നിന്നാരംഭിച്ച കൂറ്റൻ റോഡ് ഷോയോട് കൂടിയാണ് ജനീഷിന്റെ പ്രചരണത്തിന് പരിസമാപ്തി കുറിക്കപ്പെട്ടത്.