കടമ്പകളേറെ; പരിക്കിന്റെ വേദനയിലും ഉയിർപ്പ് തേടി ബ്ലാസ്‌റ്റേഴ്‌സ്‌

കടമ്പകളാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ. അവസാന പതിപ്പിലെ ആഘാതം ടീമിനെ ബാധിച്ചിട്ടുണ്ട്‌. നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കണം. ഇക്കുറി സീസൺ തുടങ്ങുമ്പോൾത്തന്നെ പരിക്കിന്റെ വേദനയിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. പ്രതിരോധത്തിലെ നെടുന്തൂണായ സന്ദേശ്‌ ജിങ്കന്റെ പരിക്കാണ്‌ വലിയ തിരിച്ചടി. ഞായറാഴ്‌ച എടികെയുമായി ഏറ്റുമുട്ടുമ്പോൾ എല്ലാ കടമ്പകളും മറികടക്കാമെന്ന പ്രതീക്ഷയിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. പുതിയ പരിശീലകൻ എൽകോ ഷട്ടോരിയുടെ മികവ്‌ തുണയ്‌ക്കുമെന്ന്‌ പ്രതീക്ഷ.

ബ്ലാസ്‌റ്റേഴ്‌സ്‌ മറക്കാനാഗ്രഹിക്കുന്ന പതിപ്പാണ്‌ കഴിഞ്ഞ തവണത്തേത്‌. രണ്ടുതവണ ചാമ്പ്യൻമാരായ എടികെയെ അവരുടെ തട്ടകത്തിൽ 2–-0ന്‌ തകർത്ത്‌ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ്‌ പിന്നെ ആ പ്രകടനത്തിന്റെ നിഴലായി മാറി. തുടർ സമനിലകൾ, തോൽവികൾ. പരിശീലകൻ ഡേവിഡ്‌ ജയിംസ്‌ പാതിവഴിയിൽ മടങ്ങി. നെലോ വിൻഗാഡ താൽക്കാലിക പരിശീലകനായി. ആത്മവിശ്വാസംകെട്ട കളികൾ കണ്ട് കാണികൾ സ്‌റ്റേഡിയമൊഴിഞ്ഞു. ആർപ്പുവിളികളുണ്ടായില്ല. എങ്ങനെയൊക്കെയോ ആ സീസൺ അവസാനിപ്പിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌. 18 കളികളിൽ ജയിച്ചത്‌ രണ്ടെണ്ണം. ഒമ്പത്‌ സമനില, ഏഴ്‌ തോൽവി. അടിച്ച ഗോൾ 18, വഴങ്ങിയത്‌ 28.

ഇക്കുറി ടീം മാറിയിട്ടുണ്ട്‌. ഗോളടിക്കാനും ആസൂത്രണത്തിനും കഴിവുള്ള ഒരുപിടി കളിക്കാരുണ്ട്‌. ഒരുക്കം ശുഭകരമായില്ലെങ്കിലും കാര്യങ്ങൾ മാറുമെന്നാണ്‌ ഷട്ടോരിയുടെ വാക്ക്‌. ഷട്ടോരി കഴിഞ്ഞ പതിപ്പിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ പ്ലേഓഫ്‌ വരെ എത്തിച്ചു. 1996 മുതൽ പരിശീലകരംഗത്തുണ്ട്‌ ഈ ഡച്ചുകാരൻ. കളിക്കാരെ പ്രചോദിപ്പിക്കാൻ കഴിയുന്ന പരിശീലകനാണ്‌ ഈ നാൽപ്പത്തേഴുകാരൻ. നോർത്ത്‌ ഈസ്‌റ്റിൽനിന്ന്‌ ബർതലൊമേവ്‌ ഒഗ്‌ബച്ചെയെയും കൊണ്ടാണ്‌ ഷട്ടോരി കൊച്ചിയിലെത്തിയത്‌. നൈജീരിയക്കുവേണ്ടി ലോകകപ്പ്‌ കളിച്ചിട്ടുള്ള ഈ മുന്നേറ്റക്കാരൻ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്‌റ്റൻ കൂടിയാണ്‌. കാമറൂൺതാരം റാഫേൽ മെസി ബൗളിയും മികച്ച കളിക്കാരനാണ്‌.

സ്‌പാനിഷ്‌ താരങ്ങളായ മരിയോ അർക്യൂസും സെർജിയേ സിഡോഞ്ചയും മധ്യനിരയെ ചലിപ്പിക്കും. മലയാളി താരം സഹൽ അബ്‌ദുൾ സമദാണ്‌ മധ്യനിരയിലെ മറ്റൊരു തിളക്കം.വിദേശതാരങ്ങളായ ജിയാനി സുയ്‌വെർലൂൺ, ജയ്‌റോ റോഡ്രിഗസ്‌ എന്നിവരാണ്‌ പ്രതിരോധത്തിലെ ശ്രദ്ധേയർ. ജിങ്കനില്ലാത്തത്‌ പ്രതിരോധത്തെ ബാധിക്കും. കെ പി രാഹുൽ, മുഹമ്മദ്‌ റാഫി, അബ്‌ദുൾ ഹക്കു, സഹൽ അബ്‌ദുൾ സമദ്‌, ടി പി രെഹ്‌നേഷ്‌, ബിലാൽ ഖാൻ, കെ ഷിബിൻലാൽ, കെ പ്രശാന്ത്‌ എന്നിവരാണ്‌ ടീമിലെ മലയാളി താരങ്ങൾ. പരിക്കുകാരണം അർജുൻ ജയരാജ്‌ ഉൾപ്പെട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News