പ്രായത്തെ അക്കങ്ങളിലേക്ക് ചുരുക്കി തൊണ്ണൂറ്റിയാറാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കോടെ രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് അമര്‍ന്നിരിക്കുകയാണ് വിഎസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍.

നൂറാം വയസിലെത്തി നില്‍ക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുസ്വീകാര്യനായ നേതാവിന് ഇന്ന് 96ാം പിറന്നാള്‍.

കുറിക്കൊത്ത മറുപടികള്‍ കൊണ്ട് രാഷ്ട്രീയ കേരളത്തിന്റെ മുഖത്ത് ചിരിയും ചിന്തയും പടര്‍ത്തുന്ന നേതാവ്. 96 ലും തന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയില്ലാതായിട്ടില്ലെന്ന് കാട്ടിക്കൊടുത്തത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുമുള്ള മറുപടിയിലൂടെ.

വിഎസ് ഒരു പോരാളിയാണ് വിജയങ്ങളില്‍ അഭിരമിച്ചല്ല വീഴ്ചകളില്‍ തിരുത്തിയും വിജയത്തില്‍ കൂടുതല്‍ ജാഗ്രത്തായും പൊരുതി മുന്നേറിവന്ന നേതാവ്.

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി, എംഎല്‍എയായി ഇന്നും രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമാണ് വിഎസ്. വിമര്‍ശനങ്ങളെ ഭയപ്പെടാറില്ല നിശബ്ദനായി കേട്ടിരിക്കാറുമില്ല.

ആറ്റിക്കുറുക്കിയ വാക്കുകള്‍ കൊണ്ട് എല്ലാത്തിനും മറുപടിയുള്ളയാളാണ് വിഎസ്. വെന്തലത്തറ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923ല്‍ ആലപ്പുഴയിലെ ദരിദ്ര കുടുംബത്തില്‍ ജനനം.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടിണിയോട് പോരാടാന്‍ തയ്യല്‍ തൊഴിലാളിയായും കയര്‍ ഫാക്ടറി വീജനക്കാരനായും തൊഴിലാളി ജീവിതത്തിലേക്ക്.

വയലാര്‍ സമരത്തിന്റെ കുന്തമുനയായ വിഎസിന് ദീര്‍ഘകാലത്തെ ജയില്‍ വാസവും ക്രൂര മര്‍ധനവുമേല്‍ക്കേണ്ടിവന്നു.

പൂഞ്ഞാര്‍ ലോക്കപ്പ് മര്‍ദ്ധനത്തെ തൂടര്‍ന്ന് മരിച്ചെന്ന് കരുതി പൊലീസ് ആശുപത്രിയിലുപേക്ഷിച്ചതൊക്കെ രാഷ്ട്രീയ ജീവിതത്തിലെ ചോരകിനിയുന്ന ചരിത്രം.

1940 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി പാര്‍ട്ടി അംഗത്വത്തിലെത്തിയിട്ട് ഇന്നേക്ക് 79 വര്‍ഷം. ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ ഒരു കമ്യൂണിസ്റ്റുകാരന് അവകാശപ്പെടാനില്ലാത്ത ചരിത്രം.

രൂപീകരണ കാലം തൊട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ തുടരുന്ന നേതാവ്. 1958 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സമിതി അംഗമായി നിലവില്‍ പാര്‍ട്ടി കേന്ദ്ര കമിറ്റിയിലെ ക്ഷണിതാവ്.

ട്രേഡ് യൂണിയന്‍ രംഗത്ത് നിന്നും കേരളത്തിലെ പാര്‍ട്ടിയുടെ അമരത്തേക്കും പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും മുഖ്യമന്ത്രി പദത്തിലേക്കും വളര്‍ന്ന നേതൃപാഠവം.

ഇന്ത്യയുടെയും കേരളത്തിന്റെ പാര്‍ട്ടി ചരിത്രത്തില്‍ പോരാട്ട വഴികളില്‍ ഒപ്പം നടന്ന രാഷ്ട്രീയ കേരളത്തെ കൈപിടിച്ച് ഒപ്പം കൂട്ടിയ രാഷ്ട്രീയ കാഴ്ചപ്പാടിന് ജന്മദിനാശംസകള്‍