ഉപതെരഞ്ഞെടുപ്പ്‌ ഫലം പാലാ ജനവിധിയുടെ തുടർച്ചയാവും: കോടിയേരി ബാലകൃഷ്ണന്‍

തലശേരി: പാലാ ജനവിധിയുടെ തുടർച്ചയാവും ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ മണ്ഡലത്തിലും ഉണ്ടാവുകയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

പാലായിലെ തെരഞ്ഞെടുപ്പ്‌ ഫലം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്‌. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ എൽഡിഎഫ്‌ ഉപതെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളാണ്‌ രാജ്യമാകെ ഇന്ന്‌ ചർച്ചയാവുന്നതെന്നും കോടിയേരി പറഞ്ഞു.

സി എച്ച്‌ കണാരൻ ചരമദിനത്തോടനുബന്ധിച്ച്‌ കോടിയേരി പുന്നോലിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനക്ക്‌ ശേഷം ചേർന്ന അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

സർക്കാരിന്റെ ജനക്ഷേമനടപടികൾ ചർച്ചയാവാതിരിക്കാനാണ്‌ അപ്രസക്തമായ കാര്യങ്ങൾ പ്രതിപക്ഷം ചർച്ചയിലേക്ക്‌ കൊണ്ടുവരുന്നത്‌.

തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കി വരികയാണ്‌. ഇഛാശക്തിയോടെ പ്രവർത്തിക്കുന്ന സർക്കാരിന്ന്‌ കേരളത്തിലുണ്ട്‌. കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിന്‌ നിരാശരാകേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.

പൗരത്വ രജിസ്‌റ്ററി ന്റെ പേരിൽ രാജ്യത്താകെ ഭീകരമായ അവസ്ഥ കേന്ദ്രം സൃഷ്‌ടിക്കുകയാണ്‌. പൗരന്മാരെ നിശ്‌ചയിക്കുന്നത്‌ പോലും മതത്തിന്റെ അടിസ്ഥാനത്തിലാവുന്നത്‌ അപകടകരമായ സാഹചര്യമാണ്‌. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ്‌ രാജ്യം അഭിമുഖീകരിക്കുന്നത്‌.

ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുമ്പോഴാണ്‌ തീവ്രവർഗീയതയിലേക്ക്‌ രാജ്യത്തെ ആർഎസ്‌എസ്‌ നയിക്കുന്നത്‌. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയേ രാജ്യത്തെ രക്ഷിക്കാനാവൂ.

ബിജെപി നയങ്ങളെ തുറന്നെതിർക്കാനാവാതെ കോൺഗ്രസ്‌ വിറങ്ങലിച്ചു നിൽകുകയാണ്‌. കേരളത്തിൽ സിപിഐ എമ്മിന്‌ ശക്തമായ അടിത്തറപാകിയ നേതാവാണ്‌ സി എച്ച്‌ കണാരനെന്ന്‌ കോടിയേരി പറഞ്ഞു.

ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. കനൽവഴികൾ സുവനീർ ജില്ല സെക്രട്ടറിയറ്റംഗം കാരായി രാജന്‌ നൽകി കോടിയേരി പ്രകാശനം ചെയ്‌തു.

മത്സരവിജയികൾക്ക്‌ എ എൻ ഷംസീർ എംഎൽഎ സമ്മാനം നൽകി. ഏരിയസെക്രട്ടറി എം സി പവിത്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ജില്ല സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, ജില്ലകമ്മിറ്റി അംഗം അഡ്വ. പി ശശി എന്നിവരും സി എച്ചിന്റെ കുടുംബാംഗങ്ങളും പുഷ്‌പാർച്ചനയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here