അഴിമതിക്കാര്‍ക്ക് മുഖ്യമന്ത്രി പിണറായിയുടെ താക്കീത്; അഴിമതി കാണിച്ചാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും, ജയിലില്‍ കിടക്കേണ്ടി വരും; ജനസേവകാരാണെന്ന കാര്യം മറക്കരുത്

കണ്ണൂര്‍: അഴിമതിയെന്ന ശീലത്തില്‍നിന്ന് മാറാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സ്ഥിതി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭരണനേതൃത്വത്തിലടക്കം ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതായിട്ടുണ്ട്. അതിനനുസരിച്ച് എല്ലാവരും മാറിയില്ലെങ്കില്‍ വിഷമമുണ്ടാകും.

അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരും. അഴിമതിക്ക് പുറപ്പെടുന്നവരെല്ലാം ഇത് ഓര്‍മിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മട്ടന്നൂരില്‍ റവന്യു ടവറിന്റെയും സ്പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അഴിമതി ഏറ്റവും കുറവ് കേരളത്തിലാണ്. എന്നാല്‍ പൂര്‍ണമായും ഇല്ലാതായി എന്ന് പറയാനാവില്ല. ജീവിക്കുന്നതിനുള്ള ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതില്‍ ഭൂരിപക്ഷം പേരും തൃപ്തരാണ്. ചിലരാണ് ഈ കെട്ട മാര്‍ഗം സ്വീകരിക്കുന്നത്. പിടിയിലാകുന്നതുവരെയാണ് ഇത് അനുഭവിക്കാനാവുക.

പിടിയിലായാല്‍ അതുവരെയുള്ളതെല്ലാം ഇല്ലാതാകും എന്നുമാത്രമല്ല സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും ഒറ്റപ്പെടും. സഹായിച്ചവരും ഒറ്റപ്പെടുമെന്നതും ഓര്‍ക്കണം. അങ്ങിനെയുള്ള ജീവിതം വേണോയെന്ന് എല്ലാവരും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഫീസിലെത്തുന്ന കടലാസുകളിലെ ജീവല്‍ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മാനവികമൂല്യങ്ങള്‍ സ്വായത്തമാക്കാന്‍ ജീവനക്കാര്‍ക്കാകണം. നാട്ടുകാരുടെ ചെലവില്‍ കഴിയുന്നവരാണ് എന്ന ബോധം എപ്പോഴും ഉണ്ടാകണം. ജനങ്ങളുടെ സേവകരാണ് നമ്മള്‍.

യഥാര്‍ഥ യജമാനന്‍മാരെ ഭൃത്യരായി കാണുന്ന നിലയുണ്ടാവരുത്. മിക്കവാറും പേര്‍ നന്നായി പെരുമാറുന്നുണ്ട്. കുറച്ചുപേരാണ് മാറിനില്‍ക്കുന്നത്. അതും മാറണമെനനും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News