മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആത്മവിശ്വാസം കൈവിടാതെ ഭരണപക്ഷം; പ്രതീക്ഷയോടെ പ്രതിപക്ഷം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനൊടുവില്‍ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ ഭരണപക്ഷവും, സംസ്ഥാനത്തെ പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തി പ്രതിപക്ഷവും ജനസമ്മിതി തേടാന്‍ ഒരുങ്ങുകയാണ്.

കഴിഞ്ഞ തവണ സഖ്യമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിയും ശിവസേനയും ഈ തിരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുന്നത് വിജയ സാധ്യത കൂട്ടുമെന്ന പ്രത്യാശയിലാണ് കാവി സഖ്യം. എന്നാല്‍ നിരവധി മണ്ഡലങ്ങളില്‍ ഇരു പാര്‍ട്ടികളിലെയും വിമതര്‍ സ്വതന്ത്രരായി മത്സരിക്കുന്നത് സഖ്യത്തിന് വലിയ വെല്ലുവിളിയായിരിക്കും.

കല്യാണ്‍, പാല്‍ഘര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ ശിവസേന പ്രവര്‍ത്തകര്‍ കൂട്ട രാജി സമര്‍പ്പിച്ചാണ് സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി, പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ ദേശീയ നേതാക്കളെല്ലാം കാവി സഖ്യത്തിന്റെ പ്രചരണ പരിപാടികളില്‍ സജീവമായിരുന്നു.

കോണ്‍ഗ്രസ് എന്‍ സി പി സഖ്യത്തിനായി രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളും സംസ്ഥാനത്തെ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ബി ജെ പി ശിവസേന സഖ്യത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയിരുന്നു.

രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എം എന്‍ എസ്സിന്റെ ശക്തമായ സാന്നിധ്യം പ്രാദേശിക വോട്ടിനെ വിഭജിക്കുമെന്നത് കോണ്‍ഗ്രസ് എന്‍ സി പി സഖ്യത്തിന് ഗുണം ചെയ്തേക്കും. ചില മണ്ഡലങ്ങളില്‍ ഇരു വിഭാഗവും പരസ്പര ധാരണയോടെയാണ് മത്സര രംഗത്ത് പ്രവര്‍ത്തിക്കുന്നതും.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന രാജ് താക്കറെയുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലെ പ്രസംഗങ്ങള്‍ക്ക് ലഭിച്ച അനുകൂലമായ പ്രതികരണങ്ങള്‍ ജനവികാരമായി മാറുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷവും.

മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സി പി ഐ എം സ്ഥാനാര്‍ത്ഥികളും കടുത്ത മത്സരമാണ് ഈ തിരഞ്ഞെടുപ്പില്‍ കാഴ്ച വയ്ക്കുന്നത്. ദഹാനു, അന്ധേരി മണ്ഡലങ്ങളിലെല്ലാം വലിയ ജന പിന്തുണയാണ് പ്രചരണ പരിപാടികള്‍ക്ക് ലഭിച്ചിരുന്നത്.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി , ജനങ്ങള്‍ക്കൊപ്പം നിന്ന് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു സ്ഥാനാര്‍ഥികളെയും വ്യത്യസ്തരാക്കിയത്.

മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള 288 മണ്ഡലങ്ങളിലായാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി.-ശിവസേന പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോണ്‍ഗ്രസ്-എന്‍.സി.പി. പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മഹാ അഘാഡിയും തമ്മിലാണ് നേരിട്ടുള്ള മത്സരം. 8.9 കോടി വോട്ടര്‍മാരാണ് മഹാരാഷ്ട്രയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here