സിപിഐഎം രൂപീകൃതമായശേഷം സംഘടനയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായ സഖാവ് സി എച്ച് കണാരൻ മരണപ്പെട്ടിട്ട് ഇന്നേക്ക് 47 വർഷം പൂർത്തിയാവുന്നു.

“ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുന്ന നയസമീപനങ്ങളും പ്രവര്‍ത്തനരീതിയും അംഗീകരിച്ച് പ്രസ്ഥാനത്തെ വളര്‍ത്തി ശക്തിപ്പെടുത്താന്‍ ശ്രമിച്ച വിപ്ലവനേതാക്കളില്‍ കൃഷ്ണപിള്ളയെ കഴിച്ചാല്‍ ഏറ്റവും സമര്‍ഥനായ സഖാവായിരുന്നു സി എച്ച്”- ഇ എം എസ്

“എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും.

സ. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എല്ലാം പ്ലാന്‍ ചെയ്തിട്ടാവും സി എച്ച് അവിടെ എത്തുക.

അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി വിശദമായി സഖാവ് പ്ലാന്‍ ചെയ്യും-” എ കെ ജി

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20നാണ് സി എച്ച് അന്തരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍നിന്ന് നാടിനെ മോചിപ്പിക്കാന്‍ ത്യാഗനിര്‍ഭരമായ പോരാട്ടം നയിച്ച ഉജ്വല വിപ്ലവകാരിയായിരുന്നു സി എച്ച്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശസംരക്ഷണത്തിന് അഹോരാത്രം വിയര്‍പ്പൊഴുക്കിയ മഹാനായ ജനനേതാവ്. സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ അവധാനതയോടെ അദ്ദേഹം സമൂഹത്തിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരടിച്ചു; ബോധവല്‍ക്കരണം നടത്തി.

മാഹിക്കടുത്ത് അഴിയൂരില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച സി എച്ച് സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ മികച്ച കായികതാരമായും സമര്‍ഥനായ വിദ്യാര്‍ഥിയായും പേരെടുത്തു.

മെട്രിക്കുലേഷന്‍ പരീക്ഷ നല്ല മാര്‍ക്കോടെ ജയിച്ചശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1932ല്‍ കതിരൂരില്‍ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പ്രസംഗിച്ചതിന് അറസ്റ്റിലായി. തുടര്‍ന്ന് 13 മാസം ജയില്‍വാസം.

1933ല്‍ ജയില്‍മോചിതനാകുമ്പോള്‍ ബംഗാളിലെ വിപ്ലവകാരികളുമായുള്ള സമ്പര്‍ക്കം പകര്‍ന്നുനല്‍കിയ പുതിയ ജ്ഞാനമണ്ഡലമായിരുന്നു സി എച്ചിന്റെ മനസ്സില്‍. 1933-35 കാലത്ത് എലിമെന്ററി സ്കൂള്‍ അധ്യാപകനായി.

കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടര്‍ന്നു. ജാതി-മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനത്തിലായിരുന്നു ഇക്കാലത്ത് ഊന്നല്‍.

ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ വ്യവസ്ഥയെ മാറ്റാന്‍ നിര്‍ഭയമായ മുന്നേറ്റമുണ്ടാകണമെന്ന് ആഗ്രഹിച്ചു; അതിനായി പ്രവര്‍ത്തിച്ചു. “കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജ”ത്തിന് രൂപംനല്‍കി.

1939ല്‍ നവംബറില്‍ തലശേരി ന്യൂ-ഡര്‍ബാര്‍ ബീഡി കമ്പനി പണിമുടക്കുമായി ബന്ധപ്പെട്ട് സി എച്ചിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഒരു വര്‍ഷം കഴിഞ്ഞ് മോചിതനായ സി എച്ച് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കാന്‍ ഒളിവിലിരുന്ന് നേതൃത്വം കൊടുത്തു.

1942ലെ ബോംബെ പ്ലീനത്തില്‍ പങ്കെടുത്തു. 1952ല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ചു. 1957ല്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍നിന്ന് വിജയിച്ച സി എച്ച് ഭൂപരിഷ്കരണ ബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖനാണ്. പാര്‍ടിയില്‍ പ്രത്യക്ഷപ്പെട്ട ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു.

സിപിഐ എം രൂപംകൊണ്ട 1964 മുതൽ‍ 1972ൽ‍ മരിക്കുംവരെ പാർ‍‍ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. മാഹി വിമോചനപ്രസ്ഥാനത്തിലും സജീവമായി ഇടപെട്ടു. 1955ൽ‍ ഗോവ വിമോചനസമരത്തിന് മലബാറിൽ‍നിന്ന് രണ്ട് ഘട്ടമായി രണ്ട് സംഘങ്ങളെ അയക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.

എല്ലാം നഷ്ടപ്പെടുന്ന ജനതയ്ക്ക് സർ‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ അടിയുറച്ച സംഘടന മാത്രമാണെന്ന് തിരിച്ചറിഞ്ഞ സി എച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകരിലൊരാളാണ്. സി എച്ചിന്റെ സംഘടനാരംഗത്തെ ഈ അസാമാന്യപാടവത്തെ അക്കാലത്ത് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്.

സമരങ്ങളെ ജീവവായു എന്നപോൽ‍ സ്വാംശീകരിച്ച എ കെ ജിയും സി എച്ചും ആ കാലഘട്ടങ്ങളിൽ‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർ‍ണായകമായ ഏടാണ്. കർ‍ഷകസംഘം സെക്രട്ടറി എന്ന നിലയിൽ‍ സി എച്ചും അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിൽ‍ എ കെ ജിയും നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയിൽ നിർ‍ണായകമുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി.

കേരളത്തിന്റെ ഭൂസമരചരിത്രത്തിൽ ഉജ്വല അധ്യായമെഴുതിയ ആലപ്പുഴ പ്രഖ്യാപനവും തുടർ‍ന്ന് നടന്ന പോരാട്ടവും അത്യുജ്വലമാണ്.

സി എച്ചിന്റെ കാലത്തെ പ്രവർ‍ത്തനം വിലയിരുത്തി ഇ എം എസ് പറഞ്ഞു: “ഇക്കാലത്ത് നടന്ന ബഹുജനസമരങ്ങളുടെ ഹൈക്കമാന്‍ഡായിരുന്നു പാർ‍ടി. സി എച്ച് അതിന്റെ ചീഫ് ഓഫ് സ്റ്റാഫും”. ഇന്ന് കൂടുതൽ‍ ശക്തമായ പോരാട്ടം നടത്താന്‍ സി എച്ച് സ്മരണ നമുക്ക് പ്രചോദനവും ഊർ‍ജവും പകരും.

കടപ്പാട്: കാട്ടു കടന്നല്‍