സ്ത്രീമുന്നേറ്റത്തിന്റെ പുതിയ കേരളം സൃഷ്ടിക്കാനായി: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിക്കുന്ന സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ കേരളം സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് സര്‍ക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന് എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

ചവറ ഗ്രാമപഞ്ചായത്തിന്റെ ഐ. എസ്. ഒ. പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ പ്രവര്‍ത്തനമാണ് സ്ത്രീകളുടെ മികവിന് മികച്ച ഉദാഹരണം.

കാര്‍ഷിക കര്‍മസേനയായും തൊഴിലുറപ്പ് തൊഴിലാളികളായും മറ്റു മേഖലകളിലെ തൊഴില്‍ സാന്നിധ്യമായും സ്ത്രീ ചുവടുറപ്പിക്കുകയാണ്.

ഇതുവഴി സാമൂഹ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയുമാണ് ഉറപ്പാക്കാനാകുന്നത്. സാധാരണക്കാരന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ആരോഗ്യ-വിദ്യാഭ്യാസ-ഭവന നിര്‍മാണ മേഖലകളെല്ലാം കൂടുതല്‍ ശക്തിപ്പെടുത്താനായി.

സര്‍ക്കാരിന്റെ സേവനങ്ങള്‍ അതിവേഗം കാര്യക്ഷമതയോടെ ജനങ്ങളിലെത്തിക്കാനും കഴിഞ്ഞു. ഇതിന്റെ പ്രത്യക്ഷ തെളിവാണ് പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന ഐ. എസ്. ഒ സര്‍ട്ടിഫിക്കേഷന്‍ – മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഐ. എസ്. ഒ. പ്രഖ്യാപനവും നടത്തി.

നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. നിര്‍വഹിച്ചു. കാര്‍ഷിക കര്‍മസേനാ ഓഫീസ് ഉദ്ഘാടനവും അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എന്‍. വിജയന്‍ പിള്ള എം. എല്‍. എ നിര്‍വഹിച്ചു.

ശുചിത്വ പദ്ധതിക്കുള്ള വാഹനത്തിന്റെ താക്കോല്‍ കൈമാറ്റം കെ. എം. എം. എല്‍. എം.ഡി. ഫെബി വര്‍ഗീസ് നിര്‍വഹിച്ചു. ബി. എ. മലയാളം പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ എയ്ഞ്ചല്‍ മേരിയെ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് കെ. എ. നിയാസ് ആദരിച്ചു.

മികച്ച വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്തംഗം എസ്. ശോഭയും എസ്. എസ്. എല്‍. സി. വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്തംഗം ബി. സേതു ലക്ഷ്മിയും ആദരിച്ചു. ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിലെ ധീര വനിത രേഖയെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. മീനാകുമാരി അമ്മ ആദരിച്ചു. ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News