മറ്റൊരു ആസിയന്‍ കരാറാകുമെന്ന് കര്‍ഷകരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കുന്ന സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പിടാന്‍ ഒരുങ്ങി മോഡിസര്‍ക്കാര്‍. 16 രാജ്യം ഉള്‍പ്പെട്ട മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറില്‍ ഒപ്പിടുന്നതുസംബന്ധിച്ച് നരേന്ദ്ര മോഡിയുടെ അന്തിമതീരുമാനം ഉടനുണ്ടാകും. കര്‍ഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും സംഘടനകളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് ദൂരവ്യാപകഫലം ഉളവാക്കുന്ന ഏറ്റവും വലിയ മേഖലാ സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പിടുന്നത്.

കൃഷി, ക്ഷീരോല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈല്‍, തുണിത്തരങ്ങള്‍, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ ആര്‍സിഇപി ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. 10 ആസിയന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവയും ഉള്‍പ്പെട്ടതാണ് കരാര്‍. ചരക്കുകളും സേവനങ്ങളും നിയന്ത്രണമില്ലാതെ വാങ്ങാനും വില്‍ക്കാനും വഴിയൊരുക്കുന്ന കരാറിനു നവംബറിലാണ് അന്തിമരൂപം കൈവരിക.