കൂടത്തായ് കൊലപാതക പരമ്പരയിൽ, ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. ജോളി പല തവണ ദ്രോഹിച്ചതായും രണ്ടാനമ്മയില്‍ നിന്ന് അവഗണന നേരിട്ടെന്നും പത്താം ക്ലാസുകാരൻ മൊഴി നൽകി. BSNL ജീവനക്കാരൻ ജോൺസൺ ഉപയോഗിച്ച സിം കൊല്ലപ്പെട്ട റോയ് തോമസിന്റെതെന്നും അന്വേഷണസംഘം.
ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.
ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്. ജോളി – ഷാജു വിവാഹശേഷം പൊന്നാമറ്റം വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും കടുത്ത അവഗണന ജോളിയിൽ നിന്ന് നേരിട്ടതായും പത്താം ക്ലാസുകാരൻ മൊഴി നൽകി. ജോളി പല തവണ ദ്രോഹിച്ചതായും സിലിക്ക് താമരശ്ശേരി ദന്താശുപത്രിയിൽ വെച്ച് ജോളിയാണ് വെള്ളം നൽകിയതെന്നും കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. സിലി കൊലക്കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ സി ഐ ബി കെ സിജുവും, അൽഫൈൻ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സി ഐ സാജു ജോസഫും കുട്ടിയിൽ നിന്ന് മൊഴിയെടുത്തു.
അൽഫൈൻ പള്ളിയിലെ ചടങ്ങിന് ശേഷം ബോധരഹിതയായി വീണതും ജോളിയുടെ സാന്നിധ്യവും കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. കുട്ടിയ്ക്ക് ജോളിയിൽ നിന്നുണ്ടായ അനുഭവങ്ങൾ പോലീസിനോട് പറഞ്ഞതായി ബന്ധു വി ഡി സേവ്യർ പറഞ്ഞു
BSNL ജീവനക്കാരൻ ജോൺസൺ ഉപയോഗിച്ച സിം കൊല്ലപ്പെട്ട റോയ് തോമസിന്റെതെന്നും അന്വേഷണസംഘം കണ്ടെത്തി.
റോയിയുടെ മരണശേഷം മൊബൈൽ നമ്പർ ജോൺസൺ സ്വന്തം പേരിലേക്ക് മാറ്റിയതായാണ് കണ്ടെത്തൽ. ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസൺ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.
സിലി കേസിൽ ജോളിയെ കസ്റ്റഡിയിൽ ലഭിക്കാനായി താമരശ്ശേരി കോടതിയിൽ നൽകിയ അപേക്ഷ നാളെ പരിഗണിക്കും.
നാളെ അല്ലെങ്കിൽ ചൊവ്വാഴ്ച ജോളിയെ കസ്റ്റഡിയിൽ കിട്ടിയാൽ കൂടുതൽ ചോദ്യം ചെയ്യൽ നടക്കും. ഈ കേസിൽ കൂട്ടു പ്രതി എം എസ് മാത്യുവിന്റെ അറസ്റ്റും കോടതി അനുമതിയോടെ രേഖപ്പെടുത്തും. സിലി, അൽഫൈൻ കേസുകളിൽ ഷാജു, സിലി എന്നിവരുടെ ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കൽ തുടരുന്നു.
Get real time update about this post categories directly on your device, subscribe now.