രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ പ്രതിരോധമേഖല സുശക്തമാക്കുന്നതിനായി അമേരിക്കന്‍ ആശ്രിതത്വത്തിന് ഇന്ത്യ മുതിരുന്നു. പ്രതിരോധമേഖലയില്‍ ഇന്ത്യയുമായുള്ള വ്യാപാരം ഇക്കൊല്ലം അവസാനത്തോടെ 1,30,000 കോടിയോളം രൂപയായി ഉയരുമെന്നാണ് അമേരിക്കന്‍ പ്രതിരോധസംഭരണ അണ്ടര്‍ സെക്രട്ടറി എല്ലന്‍ എം ലോര്‍ഡിന്റെ പ്രസ്താവന. ഇരു പ്രതിരോധസേനകളും സഹകരണവും ബന്ധവും ശക്തിപ്പെടുത്താന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും വാഷിങ്ടണില്‍ പെന്റഗണ്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് എല്ലന്‍ എം ലോര്‍ഡ് പറഞ്ഞു.

അടുത്തയാഴ്ച ന്യൂഡല്‍ഹിയില്‍ ഇന്ത്യ- അമേരിക്ക പ്രതിരോധ സാങ്കേതികവിദ്യ, വാണിജ്യ (ഡിടിടിഐ) ഗ്രൂപ്പ് ചര്‍ച്ച നടക്കാനിരിക്കെയാണ് ഈ പ്രസ്താവന. രണ്ടായിരത്തിഎട്ടില്‍ ഒന്നും നടക്കാതിരുന്ന സ്ഥാനത്താണ് 2019 ല്‍ ഉഭയകക്ഷി പ്രതിരോധവ്യാപാരം 1800 കോടി ഡോളര്‍ (1,30,000 കോടി രൂപ) ആയി ഉയര്‍ന്നതെന്ന് എല്ലന്‍ എം ലോര്‍ഡ് പറയുന്നു. ഉയര്‍ന്ന സാങ്കേതികവിദ്യയിലുള്ള പ്രതിരോധസാമഗ്രികള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കി. ഇതിനായി ഇന്ത്യയെ ഒന്നാം തട്ടിലുള്ള തന്ത്രപ്രധാന വ്യാപാരപങ്കാളിയായി അംഗീകരിച്ചു. നാറ്റോ സഖ്യകക്ഷികള്‍ക്ക് നല്‍കിവരുന്നതിനു തുല്യമായ പരിഗണനയാണിത്.