ഭീകരവാദത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംവിധാനമായ ധന കര്‍മ ദൗത്യ സേനയുടെ (എഫ്എടിഎഫ്) ‘ചാര’പ്പട്ടികയില്‍ പാകിസ്ഥാന്‍ തുടരും. നാലു മാസത്തിനകം ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതില്‍ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയിലേക്ക് താഴ്ത്താന്‍ സാധ്യതയേറി. അങ്ങനെവന്നാല്‍ ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെ ധനസഹായം പാകിസ്ഥാന് ലഭിക്കാതാകും. നിലവില്‍ ഇറാനും ഉത്തര കൊറിയയുമാണ് കരിമ്പട്ടികയിലുള്ളത്. ജി 7ന്റെ മുന്‍കൈയില്‍ 1989ല്‍ രൂപീകരിക്കപ്പെട്ട അന്തര്‍സര്‍ക്കാര്‍ സംവിധാനമാണ് എഫ്എടിഎഫ്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആധിപത്യമുള്ള അതില്‍ 37 രാജ്യവും രണ്ട് മേഖലാ കൂട്ടായ്മകളുമാണ് അംഗങ്ങള്‍.

കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് ധനസഹായം നല്‍കലും അന്താരാഷ്ട്ര ധനസംവിധാനത്തിന് ഭീഷണിയായ മറ്റു കാര്യങ്ങളും തടയലാണ് ലക്ഷ്യം. ചൈനക്കാരനായ ഷിയാങ്മിന്‍ ലൂയ് ആണ് നിലവില്‍ പ്രസിഡന്റ്. അഞ്ചു ദിവസത്തെ പ്ലീനറി യോഗത്തിലാണ് എഫ്ടിഎഫ് പാകിസ്ഥാനെ ചാരപ്പട്ടികയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഈ പട്ടികയില്‍പ്പെടുത്തിയത്. 2019 ഒക്ടോബറിനകം 27 കാര്യത്തില്‍ നടപടി വേണമെന്ന് നിര്‍ദേശിച്ചിരുന്നതെങ്കിലും അഞ്ചു കാര്യത്തില്‍ മാത്രമാണ് പാകിസ്ഥാനില്‍നിന്ന് നടപടിയുണ്ടായതെന്ന് എഫ്എടിഎഫ് അറിയിച്ചു.