ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ച്ചയെ നേരിടുകയാണ്.

രണ്ട് ഓപ്പണര്‍മാരെയും നഷ്ട്ടമായ ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്‌ബോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ് എടുത്തിട്ടുണ്ട്.ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ എല്‍ഗറിനെ പുറത്താക്കി ഷമി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് ഉമേഷ് യാദവ് 4 റണ്‍സ് എടുത്ത ഡി കോക്കിനെയും പുറത്താക്കിയതോടെ മത്സരത്തില്‍ ഇന്ത്യക്ക് ആധിപത്യം ലഭിച്ചു.

ഒരു റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഡു പ്ലെസിയും റണ്‍സ് ഒന്നും എടുക്കാതെ സുബൈര്‍ ഹംസയുമാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്രീസില്‍ ഉള്ളത്. നിലവില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയേക്കാള്‍ 488 റണ്‍സിന് പിറകിലാണ്.

നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഡബിള്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ പ്രകടനവും സെഞ്ചുറി നേടിയ രഹാനെയുടെ പ്രകടനവുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടി കൊടുത്തത്.