വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 168 ബൂത്തുകളുള്ള മണ്ഡലത്തില്‍ 48 എണ്ണമാണ് പ്രശ്‌നബാധിതം. തൊള്ളായിരത്തോളം പൊലീസുകാരെയാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

വോട്ടവകാശമുള്ള വിദ്യാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദ്ദേശിച്ചു.

സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പരിശോധിച്ച ശേഷം പത്ത് മണിയോടെ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. വോട്ടിങ് യന്ത്രങ്ങള്‍ ശരിയായ രീതിയില്‍ പരിശോധിച്ച് ക്രമീകരിച്ചതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെക്ക് തിരിച്ചത്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആകെ 168 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 48 എണ്ണം പ്രശ്‌നബാധിതം. ഇതില്‍ 37 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. 11 എണ്ണത്തില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

അതാത് ബൂത്തുകളില്‍ പൊളിങ് സാമഗ്രികള്‍ ക്രമീകരിച്ച് സീല്‍ ചെയ്യും. തുടര്‍ന്ന് വോട്ടെടുപ്പ് ദിനമായ നാളെ രാവിലെ ആറ് മണിക്ക് മോക്ക് പോളിനായാണ് തുറക്കുക. കര്‍ശന സുരക്ഷാ വലയത്തിലാണ് ഓരോ പോളിങ് ബൂത്തും.

മണ്ഡലത്തില്‍ ആകെ 900 പൊലീസുകാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 314 പേര്‍ ബൂത്തുകളില്‍ മാത്രമായി സുരക്ഷയൊരുക്കും. മണ്ഡലത്തിലാകെ 1,97,570 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

വോട്ടവകാശമുള്ള വിദ്യാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നിഷേധിച്ചാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മീണ അറിയിച്ചിട്ടുണ്ട്.