ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന കോന്നിയില്‍ മുന്നണികളും സ്ഥാനാര്‍ത്ഥികളും നിശബ്ദ പ്രചരണത്തിലാണ്. മണ്ഡലത്തിലെ 212 ബൂത്തുകളിലെ പോളിങ് സാമഗ്രികളുടെ വിതരണം നടന്നു. കോന്നി എലിയറയ്ക്കല്‍ അമൃത വി എച്ച് എസി ലാണ് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടന്നത്.

ഈ തെരഞ്ഞെടുപ്പില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായ കോന്നിയില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. രാവിലെ എട്ടു മണിയോടെ കോന്നി എലിയറയ്ക്കല്‍ അമൃത വി എച്ച് എസി ലാണ് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടന്നത്. കൊച്ചു പമ്പ , ഗവി, മൂഴിയാര്‍, ആവണിപ്പാറ തുടങ്ങിയ വനമേഖലയില്‍ ഉള്‍പ്പെട്ട ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ആദ്യം വിതരണം ചെയ്തു.

212 ബൂത്തുകളിലായി 1016 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. 26 പ്രശ്‌ന സാധ്യത ബൂത്തുകളിലെ നടപടിക്രമങ്ങള്‍ വീഡിയോ റെക്കോഡ് ചെയ്യാനും കള്ളവോട്ട് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ പി.ബി ന്യൂഹ് പറഞ്ഞു.

മണ്ഡലത്തിലെ എല്ലാ പോളിംങ് ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവി പാറ്റ് യൂണിറ്റുകള്‍ ഉണ്ടായിരിക്കും.212 ബൂത്തുകളിലേക്ക് 255 ബാലറ്റ് യൂണിറ്റ് 255 കണ്‍ട്രോള്‍ 276 വിവി പാറ്റ് എന്നിങ്ങനെ മൊത്തം 786 യുണിറ്റുകളാണുള്ളത്.

മണ്ഡലത്തില്‍ അഞ്ച് മോഡല്‍ പോളിംഗ് ബൂത്തുകളും സ്ത്രീകളായ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ഒരു പോളിംഗ് ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വോട്ടര്‍മാരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് സേവനസന്നദ്ധരായി വാളന്റിയര്‍മാരെ ഇത്തരം ബൂത്തുകളില്‍ സജ്ജീകരിക്കും.

കൂടാതെ ഫീഡിംഗ് സ്റ്റേഷന്‍, വിശ്രമ സൗകര്യം, ഭിന്നശേഷിക്കാര്‍ക്കായി റാംമ്പ്, ഡോളി സംവിധാനം, വെള്ളം, ഇലക്ട്രിസിറ്റി, ഫര്‍ണിച്ചര്‍, ശുചിമുറി എന്നിവയും മാതൃകാ പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ സമ്മതിദായകരെ എത്തിക്കുന്നതിനായി പ്രത്യേക വാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.