ബിജെപിയെ പിന്താങ്ങുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ വിവിധ നയങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് ബിജെപിക്ക്് അനുകൂലമാണ്.

കേരളത്തില്‍ ജനക്ഷേമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെയും അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണെന്നും അദ്ദേഹം പറഞ്ഞു.തലശ്ശേരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനദ്രോഹ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അതിനെ പിന്താങ്ങുന്ന സമീപനമാണു കോണ്‍ഗ്രസിന്റേത്.പാര്‍ലമെന്റിനകത്തും പുറത്തും ഇടത് പക്ഷം അതിനെ വീറോടെ എതിര്‍ക്കുന്നു.കേരളത്തില്‍ ജനക്ഷേമ നടപടികള്‍ എതിര്‍ക്കുന്നതും ബിജെപിയും കോണ്‍ഗ്രസ്സും ഒരുമിച്ചാണെന്നു അദ്ദേഹം പറഞ്ഞു.

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുകയാണു.ഒരു വര്‍ഷത്തിനുള്ളില്‍ പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികവും സി എച്ച് കണാരന്‍ ചരമവാര്‍ഷികത്തോടും അനുബന്ധിച്ചാണു തലശ്ശേരിയില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി പൊതുയോഗം സംഘടിപ്പിച്ചത്.ബഹുജന റാലിക്ക് ശേഷം നടന്ന ചടങ്ങില്‍ മന്ത്രിമാരായ തോമസ് ഐസക്ക് ,കെ കെ ഷൈലജ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.