കോന്നി നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ. സുരേന്ദ്രന് വോട്ട് അഭ്യര്‍ഥിച്ച് മതചിഹ്നങ്ങള്‍ ദുരുപയോഗപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് നിര്‍ദേശം നല്‍കി.

പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മത ചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടു.

വീഡിയോ നിര്‍മിച്ചത് ആരാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്നും കണ്ടെത്തണമെന്നും വീഡിയോ അടിയന്തിരമായി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഇലക്ഷന്‍ ഏജന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കോന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് വി.എസ്. ഹരീഷ് ചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ഡിസിസി മീഡിയ കണ്‍വീനര്‍ സലിം പി. ചാക്കോ എന്നിവര്‍ നല്‍കിയ പരാതികളും മീഡിയ മോണിറ്ററിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിച്ചാണ് കളക്ടറുടെ നിര്‍ദേശം.