ഓഗ്‌ബെച്ചെയുടെ ഇരട്ടഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

മഞ്ഞപ്പടയുടെ നായകന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെയുടെ ഇരട്ടഗോളില്‍ കേരള ബ്‌ളാസ്റ്റേഴ്‌സിനു മിന്നും ജയം. ഐഎസ്എല്‍ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ശക്തരായ എടികെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്.

തുടക്കത്തില്‍ഒരു ഗോള്‍ വഴങ്ങി പിന്നിലായ ബ്ലാസ്റ്റേഴ്‌സ്, പിന്നീട് രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് മത്സരം തിരിച്ചുപിടിച്ചത്.ഇരട്ടഗോളുമായി മുന്നില്‍നിന്നു നയിച്ച നായകന്‍ ബര്‍ത്തലോമിയോ ഓഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകന്‍. 30, 45 മിനിറ്റുകളിലാണ് ഓഗ്ബച്ചെ ലക്ഷ്യം കണ്ടത്.

കളിയുടെ ആറാം മിനുട്ടില്‍ ഇംഗ്ലീഷ് താരം മക്ഹഗാണ് കൊല്‍ക്കത്തയ്ക്കായി ഗോള്‍ നേടിയത്.
കാലാവസ്ഥ പ്രതികൂലമായി നിന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനമാണ് ഈല്‍ക്കോ ഷട്ടോറിയുടെ കീഴില്‍ അണി നിരന്ന ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്.

ജയേഷ് റാണയെ ജീക്‌സണ്‍ സിംഗ് വീഴ്ത്തിയതിന് തുടര്‍ന്നു ലഭിച്ച ഫ്രീകിക്കിലൂടെ ആയിരുന്നു കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍. ഹാവിയര്‍ ഫെര്‍ണാണ്ടസ് എടുത്ത ഫ്രീ കിക്ക് ബോക്‌സില്‍ ഉയര്‍ന്നു ചാടിയ അഗസ്റ്റിന്‍ ഇനിഗ്യൂസിനെ മറി കടന്ന് മക് ഹഗിന് ലഭിച്ചു. ബ്ലാസ്റ്റേഴസ് പ്രതിരോധം തകര്‍ത്ത് ആറാം മിനുട്ടില്‍ മക് ഹഗ് തൊടുത്ത ബോള്‍ തടുക്കാന്‍ ബ്ലാസ്റ്റേഴസ് ഗോള്‍ വല കാത്ത ബിലാല്‍ ഖാന് സാധിച്ചില്ല. ആറാം മിനുട്ടില്‍ ഗോള്‍ വഴങ്ങി അപകടം മണത്ത ബ്ലാസ്റ്റേഴ്‌സ് പിന്നീട് ആക്രമണ ശൈലിയില്‍ കളിയുടെ ഗതി ഏറ്റെടുത്തു.

ഷോര്‍ട്ട് പാസുകളിലൂടെ പന്ത് ബ്ലാസ്റ്റേഴ്‌സ് വരുതിയിലാക്കി. ഹാളീ ചരണ്‍ നര്‍സാരിയുടെ കിക്കിലും ജെയറോ റോഡ്രിഗസിന്റെ ഹെഡ്ഡറിലും കെ പ്രശാന്തിന്റെ ഷോട്ടിലും നിര്‍ഭാഗ്യം ബ്ലാസ്റ്റേഴസിനെ പിന്തുടര്‍ന്നു. റോയ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.

ആദ്യ പകുതിയിലെ മുപ്പതാം മിനുട്ടില്‍ റോഡ്രിഗസിനെ ഹാള്‍ദേര്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോളാക്കി മാറ്റി. ആദ്യ പകുതിയുടെ അവസാനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ പിറന്നത്. നാല്‍പ്പത്തിയഞ്ചാം മിനുട്ടില്‍ ഹള്‍ദര്‍ ക്ളിയര്‍ ചെയ്യാന്‍ ശ്രമിച്ച പന്തും ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യയെ മറികടന്ന് ഒഗ്ബച്ചേ കൊല്‍ക്കത്തയുടെ ഗോള്‍ പോസ്റ്റില്‍ എത്തിച്ച് ബ്ലാസ്റ്റേഴ്‌സിന് വിജയമുറപ്പിച്ചു.

ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലുടനീളം വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി. എന്‍പതാം മിനുട്ടില്‍ നര്‍സാരിയെ പിന്‍വലിച്ച് അബ്ദുല്‍ സമദിനെ ഇറക്കിയത് ഉള്‍പ്പടെ 8 പുതുമുഖങ്ങള്‍ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇറങ്ങി. ആദ്യ മത്സരത്തില്‍ വിജയിച്ച ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മാച്ച് 24 ന് മുംബൈക്ക് എതിരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News