സംസ്ഥാനത്തെ മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് സമയം. അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടര്‍മാരുണ്ട്. ആകെ 896 പോളിംഗ് സ്റ്റേഷനുകളാണ് അഞ്ചു മണ്ഡലങ്ങളിലുമായി ഉള്ളത്.ആകെ 5225 പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുണ്ട്.

മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെ 2,14,779 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,07,851 പേര്‍ പുരുഷന്‍മാരും 1,06,928 സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തില്‍ 76,184 പുരുഷന്‍മാരും 79,119 സ്്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 1,55,306 വോട്ടര്‍മാരുണ്ട്.

അരൂര്‍ മണ്ഡലത്തില്‍ 94,153 പുരുഷന്‍മാരും 97,745 സ്ത്രീകളും ഉള്‍പ്പെടെ 1,91,898 വോട്ടര്‍മാരുണ്ട്. കോന്നി മണ്ഡലത്തില്‍ ആകെ 1,97,956 വോട്ടര്‍മാരുണ്ട്. ഇതില്‍ 93,533 പേര്‍ പുരുഷന്‍മാരും 1,04,422 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. വട്ടിയൂര്‍ക്കാവില്‍ 94,326 പുരുഷന്‍മാരും 1,03,241 സ്ത്രീകളും മൂന്നു ട്രാന്‍സ്ജെന്‍ഡര്‍മാരുമടക്കം 1,97,570 വോട്ടര്‍മാരുണ്ട്.

ഇത്തവണ അഞ്ചു മണ്ഡലങ്ങളിലുമായി 12,780 വോട്ടര്‍മാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198, എറണാകുളത്ത് 135, അരൂര്‍ 183, കോന്നിയില്‍ 212, വട്ടിയൂര്‍ക്കാവില്‍ 168 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.

എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് സുഷമ ഗോഡ്ബോലെ, എറണാകുളത്ത് മാധവി കതാരിയ, അരൂരില്‍ ഡോ: അരുന്ധതി ചന്ദ്രശേഖര്‍, കോന്നിയില്‍ ഡോ. പ്രസാദ് എന്‍.വി, വട്ടിയൂര്‍ക്കാവില്‍ ഗൗതം സിംഗ് എന്നിവരാണ് പൊതു നിരീക്ഷകര്‍.

മഞ്ചേശ്വരത്ത് കമല്‍ജീത്ത് കെ. കമല്‍, എറണാകുളത്ത് ഗോവിന്ദരാജ് എ, അരൂരില്‍ മൈമും ആലം, കോന്നിയില്‍ കെ. അരവിന്ദ്, വട്ടിയൂര്‍ക്കാവില്‍ മന്‍സറുള്‍ ഹസന്‍ എന്നിവരാണ് ചെലവ് നിരീക്ഷകര്‍.

മഞ്ചേശ്വരത്ത് 63 ഉം, അരൂരില്‍ ആറും, കോന്നിയില്‍ 48 ഉം, വട്ടിയൂര്‍ക്കാവില്‍ 13 ഉം ഉള്‍പ്പെടെ ആകെ 130 മൈക്രോ ഒബ്സര്‍വര്‍മാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തില്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ ഇല്ല.

മഞ്ചേശ്വരത്ത് 19 ഉം, എറണാകുളത്തും അരൂരും വട്ടിയൂര്‍ക്കാവിലും 14 വീതവും, കോന്നിയില്‍ 25 ഉം സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ 24ന് നടക്കും.