600 ഇനങ്ങളിൽ 53 എണ്ണം മാത്രം ബാക്കി; പ്രകടനപത്രികയിലെ മുഴുവൻ വാഗ്‌ദാനങ്ങളും ഈ വർഷത്തോടെ നടപ്പാക്കും: മുഖ്യമന്ത്രി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും സർക്കാർ നാലുവർഷം പൂർത്തിയാകുമ്പോഴേക്കും നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം വർഷം പ്രോഗ്രസ്‌ കാർഡ്‌ പുറത്തിറക്കുമ്പോൾ, പ്രകടനപത്രികയിൽ പറഞ്ഞ 600 ഇനങ്ങളിൽ 53 എണ്ണമാണ്‌ ഇനി തുടങ്ങാൻ ബാക്കിയെന്ന്‌ പറഞ്ഞിരുന്നു. ഈ വർഷം പൂർത്തിയാകുന്നതോടെ ഇവയും തുടങ്ങാനാകും. ഒരു സർക്കാർ ഓരോ വർഷവും പ്രോഗ്രസ്‌ കാർഡ്‌ ജനസമക്ഷം അവതരിപ്പിക്കുന്നതും നാലുവർഷം കൊണ്ടുതന്നെ മുഴുവൻ വാഗ്‌ദാനങ്ങളും നടപ്പാക്കുന്നതും രാജ്യത്തിന്റെ ഭരണചരിത്രത്തിൽ ആദ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സി എച്ച്‌ ദിനാചരണത്തിന്റെയും കമ്യൂണിസ്‌റ്റ്‌ പാർടി നൂറാം വാർഷികാഘോഷത്തിന്റെയും ഭാഗമായി തലശേരിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം ശ്രദ്ധിച്ച കേരള വികസന മാതൃകയുടെ ദൗർബല്യങ്ങൾ പരിഹരിക്കാനുതകുന്ന നടപടികളുമായാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. 1957ലെ ആദ്യ ഇ എം എസ്‌ സർക്കാരാണ്‌ കേരളത്തിന്റെ വികസനത്തിന്‌ അടിത്തറ പാകിയത്‌. ഭൂപരിഷ്‌കരണവും ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ ഉൾപ്പെടെ സമസ്‌ത മേഖലകളിലും നടത്തിയ ജനപക്ഷ നടപടികൾ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നെല്ലാം കേരളത്തെ വേറിട്ടതാക്കി. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ശരിയായ വികസന കാഴ്‌ചപ്പാടും പാവപ്പെട്ട ജനങ്ങളോടുള്ള പ്രതിബദ്ധതയുമായിരുന്നു ഇതിനു പിന്നിൽ. പിന്നീടു വന്ന ഇടതുപക്ഷ സർക്കാരുകളും വലിയ സംഭാവന നൽകി.

എന്നാൽ ചില ദൗർബല്യങ്ങൾ തൊണ്ണൂറുകളിൽ ഇ എം എസ്‌ തന്നെ ചൂണ്ടിക്കാട്ടി. കാർഷിക, വ്യവസായ മേഖലകളിലെ തളർച്ച, സ്വകാര്യമൂലധനത്തെ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള പശ്‌ചാത്തല വികസനം, ആരോഗ്യ–- വിദ്യാഭ്യാസ മേഖലകളുടെ ഗുണമേന്മ വർധിപ്പിക്കൽ, ഗൾഫിൽനിന്നുള്ള പണമൊഴുക്ക്‌ നിലച്ചാലുണ്ടാകുന്ന പ്രത്യാഘാതം തുടങ്ങിയ കാര്യങ്ങളാണ്‌ ഇ എം എസ്‌ എടുത്തുപറഞ്ഞത്‌. ഇവ ഫലപ്രദമായി അഭിസംബോധന ചെയ്യുകയാണ്‌ സർക്കാർ.

പാവപ്പെട്ട ജനങ്ങളോട്‌ സർക്കാർ പുലർത്തുന്ന പ്രതിബദ്ധത തിരിച്ചറിയാൻ സാമൂഹ്യക്ഷേമപെൻഷൻമാത്രം മതി. വെറും 600 രൂപയായിരുന്നു മുമ്പ്‌. അതും കൃത്യമായി കൊടുത്തിരുന്നില്ല. കഴിഞ്ഞ സർക്കാർ അധികാരമൊഴിയുമ്പോൾ 1800 കോടിയായിരുന്നു കുടിശ്ശിക. ഈ സർക്കാർ പെൻഷൻ തുക 1200 രൂപയാക്കി വർധിപ്പിച്ചു. പത്തു ലക്ഷം പേർക്ക്‌ പുതുതായി അനുവദിക്കുകയും ചെയ്‌തു. നിലവിൽ 52 ലക്ഷം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. യുഡിഎഫ്‌ സർക്കാർ അഞ്ചു വർഷംകൊണ്ട്‌ 8,888 കോടിയാണ്‌ നൽകിയതെങ്കിൽ ഈ സർക്കാർ മൂന്നര വർഷംകൊണ്ട്‌ 20,000 കോടി നൽകി–- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News