കൂടത്തായി കൊലപാതക പരമ്പരയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2 ൽ നിന്ന്പ്രൊഡക്ഷൻ വാറണ്ട് ലഭിക്കുന്നതോടെ ജോളിയെ കോടതിയിൽ ഹാജരാക്കും. ഈ കേസിൽ റിമാന്റ് ചെയ്ത ശേഷം പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകും.
താമരശ്ശേരി ദന്താശപത്രിയിൽ വെച്ച് സയനൈഡ് പുരട്ടിയ ഗുളിക നൽകി സിലിയെ കൊലപ്പെടുത്തി എന്നാണ് ജോളിയുടെ മൊഴി. സിലിയ്ക്ക് ജോളിയുടെ ബാഗിൽ സൂക്ഷിച്ച വെള്ളം നൽകിയതായി സിലിയുടെ മകനും മൊഴി നൽകിയിട്ടുണ്ട്. താമരശ്ശേരി വെച്ച് അബോധാവസ്ഥയിൽ ആയ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതുംദുരൂഹമാണ്.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എം എസ് മാത്യുവിനെ കോടതി അനുമതിയോടെ ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചു. സിലി, അൽഫൈൻ കേസുകളിൽ നിർണ്ണായക മൊഴികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിലിയുടെ കുടുംബാംഗങ്ങളിൽ നിന്നുൾപ്പടെ പോലീസ് മൊഴി എടുത്തു. മറ്റ് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.