തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സമാധാനപരമായ വോട്ടെടുപ്പിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 24നാണ് വോട്ടെണ്ണല്‍.

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വോട്ടു രേഖപ്പെടുത്തി.

അതേസമയം, അരൂരിലും കോന്നിയിലും തിരുവനന്തപുരത്തും എറണാകുളത്തും ശക്തമായ മഴയുണ്ട്. മഴയെത്തുടര്‍ന്ന് എറണാകുളം അയ്യപ്പന്‍കാവിലും കടാരി ബാഗിലും ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് എംഎല്‍എയായിരുന്ന പി ബി അബ്ദുള്‍ റസാക്കിന്റെ മരണത്തെതുടര്‍ന്നും മറ്റിടങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.

ഞായറാഴ്ച നിശ്ശബ്ദ പ്രചാരണത്തിലൂടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ത്രികോണമത്സരമാണ്. മറ്റ് രണ്ടിടത്ത് എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേരാണ് പോരാട്ടം.

അഞ്ചിടത്തും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടവും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ വര്‍ഗീയ നടപടികളും ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടിയത്. എന്നാല്‍, കള്ളം പ്രചരിപ്പിച്ചും വ്യക്തിഹത്യ നടത്തിയും ജാതിമത പ്രീണനം നടത്തിയുമാണ് യുഡിഎഫും ബിജെപിയും വോട്ട് തേടിയത്. ശബരിമലയടക്കം പ്രചാരണായുധമാക്കാന്‍ യുഡിഎഫും ബിജെപിയും മത്സരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കുവരെ പരസ്യമായി പ്രതികരിക്കേണ്ടി വന്നു.