വോട്ടെടുപ്പിന്റെ തലേന്ന് ബിജെപിയെ വെല്ലുവിളിച്ച് ശിവസേന

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ടർമാർ വിധിയെഴുതുന്നതിന് മുൻപ് തന്നെ സഖ്യ കക്ഷിയായ ബിജെപി യെ വെല്ലുവിളിച്ചു ശിവസേന രംഗത്ത്. പാർട്ടി മുഖപത്രമായ സാമ്നയിലാണ് ശിവസേനാ നേതാവ് സഞ്ജയ് റാവു ബിജെപിയെ ആശങ്കയിലാക്കുന്ന ചോദ്യങ്ങളുമായി വന്നിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വെല്ലുവിളി ഉയർത്തുന്നില്ലെന്ന ബിജെപി വാദത്തെയാണ് സഞ്ജയ് റാവു പൊളിച്ചടുക്കിയത്. അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെ അണി നിരത്തി എന്തിനാണ് ഇത്രയധികം തിരഞ്ഞെടുപ്പ് പ്രചരണ റാലികൾ സംസ്ഥാനത്ത് സംഘടിപ്പിച്ചതെന്നാണ് സഞ്ജയിന്റെ ചോദ്യം.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് എതിരാളികളില്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനയെ പരാമർശിച്ചു കൊണ്ടാണ് ശിവസേന ചോദ്യം ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം റാലികളിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുപ്പതോളം റാലികളിലും സംബന്ധിച്ചപ്പോൾ മുഖ്യമന്ത്രി ഫഡ്‌നാവിസ് നൂറോളം റാലികളിലായാണ് ഓടി നടന്നത്. ബിജെപി യുടെ അമിതമായ ആത്മവിശ്വാസത്തെ എൻസിപി നേതാവ് ശരദ് പവാറും ചോദ്യം ചെയ്തു.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും, കാർഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയുമെല്ലാം സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നത് കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികൾ ചിലവിടുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മഹാരാഷ്ട്രയിൽ മൊത്തം 288 സീറ്റുകളിലായി 3237 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 95473 പോളിംഗ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News