തിരുവനന്തപുരം: ശക്തമായ മഴയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം പേരാണ് ഇന്ന് വോട്ടു രേഖപ്പെടുത്തുക. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

കനത്തമഴ മൂലം ബൂത്തുകളില്‍ തിരക്ക് കുറവാണ്. എറണാകുളത്തും അരൂരിലും കോന്നിയിലും പുലര്‍ച്ചെമുതല്‍ കനത്തമഴയാണ്.

അതേസമയം, കനത്തമഴ തുടരുന്ന എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കുമെന്നും വോട്ടര്‍മാര്‍ സഹകരിക്കണമെന്നും മീണ ആവശ്യപ്പെട്ടു.

എറണാകുളം മണ്ഡലത്തില്‍ വോട്ടെടുപ്പിനെ ബാധിക്കുന്ന വിധത്തില്‍ വെള്ളമുയര്‍ന്നിട്ടുണ്ട്. കനത്തമഴ മൂലം ചില ബൂത്തുകളില്‍ തിരക്കും കുറവാണ്. വെള്ളക്കെട്ടും വൈദ്യുതിബന്ധം തകറാറിലായതും ബൂത്തുകളെ ബാധിച്ചു.

അഞ്ചിടത്തും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടവും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ വര്‍ഗീയ നടപടികളും ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടിയത്.

എന്നാല്‍, കള്ളം പ്രചരിപ്പിച്ചും വ്യക്തിഹത്യ നടത്തിയും ജാതിമത പ്രീണനം നടത്തിയുമാണ് യുഡിഎഫും ബിജെപിയും വോട്ട് തേടിയത്. ശബരിമലയടക്കം പ്രചാരണായുധമാക്കാന്‍ യുഡിഎഫും ബിജെപിയും മത്സരിച്ചു.

24നാണ് വോട്ടെണ്ണല്‍.