മഴക്കെടുതികള്‍ നേരിടാന്‍ സജ്ജം, ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്ഥിതി വിലയിരുത്തി

മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം പൂര്‍ണ്ണ സജ്ജമായിരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാഹചര്യം യോഗം വിലയിരുത്തി.
ആഭ്യന്തര, ആരോഗ്യ, ജലവിഭവ, വൈദ്യുതി സെക്രട്ടറിമാരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു.
ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇന്‍സിഡന്റ് കമ്മീഷണറായി യോഗം ചുമതലപ്പെടുത്തി.

ദുരന്ത സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ള നാലു സംഘങ്ങളെ കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
നേവി, കോസ്റ്റ് ഗാര്‍ഡ്, എയര്‍ ഫോഴ്സ് എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതായി ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

നിലവില്‍ മത്സ്യബന്ധനത്തിന് കടലിലേക്ക് പോകുന്നത് പൂര്‍ണമായി വിലക്കിയിട്ടുണ്ട്.
കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.

മഴയെത്തുടര്‍ന്ന് എറണാകുളത്ത് 10 ഉം, പാലക്കാട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel