ആവേശം കാണിക്കാതെ മഹാരാഷ്ട്ര വോട്ടെടുപ്പ്; പോളിങ് 60 ശതമാനം മാത്രം

ആവേശം കാണിക്കാതെ മഹാരാഷ്ട്ര വോട്ടെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ആകാംക്ഷയോടെ നോക്കിയ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വോട്ടിങ്ങ് കാര്യമായി വര്‍ധിച്ചില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ ഇത് വരെ പോള്‍ ചെയ്തത് 60 ശതമാനം വോട്ട് മാത്രം.

അതേ സമയം വോട്ടെടുപ്പിന് ശേഷം വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ബിജെപി-ശിവസേന സഖ്യം വന്‍വിജയം നേടും.

ലത്തൂര്‍ മേഖലയില്‍ അപ്രതീക്ഷിതമായി പെയ്ത മഴയും പേമാരിയും വോട്ടിങ്ങിനെ ബാധിച്ചു എന്നതൊഴിച്ചാല്‍ മഹാരാഷ്ട്രയില്‍ കാര്യമായി തടസങ്ങളില്ലാതെ വോട്ടെടുപ്പ് പൂര്‍ത്തിയായി.

ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ 2014ല്‍ ബിജെപി ഭരണം നേടിയ തിരഞ്ഞെടുപ്പില്‍ 63.38 ശതമാനം വോട്ട് പോള്‍ ചെയ്‌തെങ്കില്‍ ഇത്തവണ രണ്ട് ശതമാനമെങ്കിലും കുറഞ്ഞെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും വര്‍ദ്ധിച്ചാലും 2014ല്‍ നിന്നും കാര്യമായ വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് സൂചന. വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചതും ആവേശോജ്വലമായ പ്രചരണവും വോട്ടിങ്ങ് വര്‍ദ്ധിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

സല്‍മാന്‍ഖാന്‍, അമീര്‍ ഖാന്‍,ദീപിക പദുക്കോണ്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങള്‍ മൂബൈയില്‍ വോട്ട് ചെയ്തു. നാഗ്പൂര്‍ സെന്‍ഡ്രലില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് വോട്ട് രേഖപ്പെടുത്തി.മൂന്‍ രാഷ്ട്രപതി പ്രതിഭ പട്ടേല്‍ പൂനൈയിലെ പോളിങ്ങ് ബൂത്തിലാണ് സമതിദാനാവകാശം വിനിയോഗിച്ചത്.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ പുത്രന്‍ ആദിത്യ താക്കറേ മത്സരിക്കുന്ന വറോളി മണ്ഡലത്തിലേത് ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളിലെ ചില ബൂത്തൂകളില്‍ വോട്ടിങ്ങ് മെഷീനുകള്‍ പണിമുടക്കി. പുതിയ മെഷീനുകള്‍ മാറ്റി സ്ഥാപിച്ച ശേഷം എല്ലായിടത്തും വോട്ടിങ്ങ് പുനരാരംഭിച്ചു.

വോട്ടെടുപ്പ് അവസാനിച്ച ശേഷം വിവിധ പഠന ഏജന്‍സികള്‍ പുറത്ത് വിട്ട അഭിപ്രായ സര്‍വ്വേകള്‍ പ്രകാരം മഹാരാഷ്ട്ര ഭരണം ബിജെപി-ശിവസേന സഖ്യം വലിയ ഭൂരിപക്ഷത്തോടെ നിലനിറുത്തും.

ഇന്ത്യ ടുഡേ സര്‍വ്വേ പ്രകാരം ബിജെപി-ശിവസേന സഖ്യം 166 മുതല്‍ 194 സീറ്റ് വരെ നേടും.കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72 മുതല്‍ 90 വരെ സീറ്റ് മാത്രമേ നേടു.

എബിപി ന്യൂസ് 204 സീറ്റാണ് ഭരണപക്ഷത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിന് 69 സീറ്റ് വരെ മാത്രം. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇവിഎം മെഷീനുകള്‍ എല്ലാം സട്രോങ് റൂമിലേയ്ക്ക് മാറ്റി. വ്യാഴ്യാഴ്ച്ചയാണ് വോട്ടെണ്ണല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News