കനത്ത മ‍ഴ പോളിംഗ് ‘കുളമാക്കി’; വെളളക്കെട്ട് പരിഹരിച്ചില്ല; നഗരസഭയ്ക്കെതിരെ പ്രതിഷേധിച്ച് വോട്ടര്‍മാര്‍

കനത്ത മ‍ഴയും വെളളക്കെട്ടും എറണാകുളത്തെ പോളിംഗ് മന്ദഗതിയിലാക്കി. 11 ബൂത്തുകളിലും വെളളക്കെട്ടിനെ തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. 57.86 ശതമാനം മാത്രം പോളിങ്ങാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. നഗരത്തിലെ വെളളക്കെട്ട് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനെ വോട്ടര്‍മാര്‍ വിവിധിയിടങ്ങളില്‍ തടഞ്ഞു. ജനവിധി തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലും ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലമാണ് എറണാകുളം. തുടര്‍ച്ചയായ കനത്ത മ‍ഴയും നഗരത്തിലെ വെളളക്കെട്ടും പോളിംഗ് ശതമാനം കുറയ്ക്കാന്‍ കാരണമായി. പതിനൊന്ന് ബൂത്തുകളിലാണ് വെളളക്കെട്ട് മൂലം വോട്ടിംഗ് തടസ്സപ്പെട്ടത്. ബൂത്തുകള്‍ മാറ്റി ക്രമീകരിച്ചാണ് പോളിംഗ് പൂര്‍ത്തിയാക്കിയത്. നഗരത്തിലെ വെളളക്കെട്ടും മാലിന്യപ്രശ്നങ്ങളും പരിഹരിക്കാന്‍ ക‍ഴിയാത്ത കൊച്ചി നഗരസഭയ്ക്കെതിരായ വലിയ പ്രതിഷേധത്തിനാണ് വോട്ടിംഗ് ദിവസം സാക്ഷ്യം വഹിച്ചത്. ഡെപ്യൂട്ടി മേയര്‍ കൂടിയായ യുഡിഎഫ്

സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനെ വോട്ടര്‍മാര്‍ തടയുന്നതുവരെയെത്തി പ്രതിഷേധം. പി ആന്‍ഡ് ടി കോളനിവാസികളാണ് തടഞ്ഞത്. കൊച്ചി മേയര്‍ സൗമിനി ജയിനിന്‍റെ വാര്‍ഡായ 54ാം ഡിവിഷനില്‍ ജനങ്ങള്‍ റോഡുപരോധിച്ചായിരുന്നു പ്രതിഷേധിച്ചത്. വെളളക്കെട്ടിനാല്‍ ദുരിതം അനുഭവിച്ച 250ഓളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് വാഹനങ്ങള്‍ തടഞ്ഞ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

നഗരസഭയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയുളള എല്‍ഡിഎഫിന്‍റെ പ്രചരണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന കാ‍ഴ്ച കൂടിയായിരുന്നു.എറണാകുളം നഗരത്തിലെങ്ങും കണ്ടത്. ഇതെല്ലാം തങ്ങള്‍ക്കനുകൂലമായി വിധിയെ‍ഴുതുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി. ക‍ഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71.16 ശതമാനം പോളിങ്ങായിരുന്നു എറണാകുളം മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ 73.29 ശതമാനവും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here