ഭാരത് പെട്രോളിയം കോർപറേഷൻ വിൽക്കാൻ മോദി സർക്കാർ തീരുമാനിച്ചു; ബിപിസിഎൽ സ്വകാര്യവൽക്കരണം രാഷ്ട്രതാൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കും

എളമരം കരീമിന്റെ വിശകലനം:

രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) സ്വകാര്യ കുത്തകയ്‌ക്ക് വിൽക്കാൻ നരേന്ദ്ര മോഡി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. “മഹാരത്ന’ പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് ബിപിസിഎൽ.

ആഗോളവൽക്കരണനയം ആരംഭിച്ചകാലത്ത് നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയോ‐അടച്ചുപൂട്ടുകയോ ചെയ്യുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. ഇപ്പോൾ വിൽക്കുന്നത്, വലിയ ലാഭം നേടിക്കൊണ്ടിരിക്കുന്ന കമ്പനികളാണ്. തന്ത്രപ്രധാന പൊതുമേഖലകളിലും സ്വകാര്യവൽക്കരണം നടക്കുകയാണ്.

ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനി

1976 ലാണ് “ബർമാഷെൽ’ എന്ന സ്വകാര്യകമ്പനി ഏറ്റെടുത്ത്, “ഭാരത് റിഫൈനറീസ്’ എന്ന പൊതുമേഖലാ സ്ഥാപനമായി മാറ്റിയത്. പിന്നീട് 1977 ആഗസ്‌തിൽ പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ, ഇതിനെ ഭാരത് പെട്രോളിയം കോർപറേഷനാക്കി. 1903 ൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച ബർമാ ഓയിൽ കമ്പനി എന്ന ബ്രിട്ടീഷ് കമ്പനി പിന്നീട് വിപുലീകരിക്കപ്പെട്ട് 1952 ൽ “ബർമാഷെൽ റിഫൈനറീസ്’ ആയി മാറുകയായിരുന്നു. ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിക്കപ്പെട്ട ഈ കമ്പനിക്ക്, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിൽ ധാരാളം ഭൂമിയും കെട്ടിടങ്ങളും ഗ്യാസ് പ്ലാന്റുകൾ, എണ്ണശുദ്ധീകരണ ശാലകൾ തുടങ്ങിയവയും ഉണ്ട്.

ന്യൂ മാലിഗർ റിഫൈനറി, ബീനാ റിഫൈനറി, മുംബൈ റിഫൈനറി, കൊച്ചിൻ റിഫൈനറി എന്നിവ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലാണ്. ഈ എണ്ണശുദ്ധീകരണ ശാലകൾക്ക് സമീപം വൻ സ്റ്റോറേജ് സംവിധാനങ്ങളും വിതരണ ശൃംഖലകളും സ്ഥിതിചെയ്യുന്നു. ഈ നാല് കമ്പനികളുടെ എണ്ണ ശുദ്ധീകരണശേഷി ഒരു വർഷം 38.3 മില്യൺ മെട്രിക്ക്‌ ടൺ (എംഎംടി) ആണ്. 2018‐19 ലെ മൊത്തം വിറ്റുവരവ് 3,37,622.53 കോടിരൂപയാണ്. 1991 മുതൽ നാളിതുവരെ കേന്ദ്ര സർക്കാർ “എക്സലന്റ്’ റേറ്റിങ്‌ കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്‌ ബിപിസിഎൽ. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായ സ്ഥാപനം.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ബിപിസിഎൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുവരികയാണ്. പ്രത്യക്ഷ‐പരോക്ഷ നികുതികൾ, വിൽപ്പന നികുതി തുടങ്ങിയ ഇനങ്ങളിൽ ഓരോ വർഷവും ഭീമമായ തുകയാണ് കമ്പനി സർക്കാർ ഖജനാവിലേക്ക് നൽകുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ 24 ശതമാനം ബിപിസിഎല്ലിന്റേതാണ്. 5000 കോടി രൂപയിലധികം വാർഷികലാഭം നേടുന്ന കമ്പനികളെയാണ് “മഹാരത്ന’ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. 2015 മുതൽ ബിപിസിഎൽ തുടർച്ചയായി മഹാരത്ന പദവിയിലാണ്. 13,000 സ്ഥിരം തൊഴിലാളികളും ഇരുപതിനായിരത്തിൽപ്പരം കരാർ തൊഴിലാളികളും കമ്പനിയിൽ ജോലി ചെയ്യുന്നു. പൊതുമേഖലാ കമ്പനി ആയതിനാൽ സംവരണതത്വം പാലിച്ചുകൊണ്ടാണ് നിയമനം. പട്ടികജാതി, വർഗ, പിന്നോക്ക സമുദായങ്ങൾ എന്നിവർക്കുള്ള സംവരണം സ്വകാര്യ വ്യവസായങ്ങളിൽ നിലവിലില്ല.

ബിപിസിഎല്ലിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരികൾ 53.29 ശതമാനമാണ്. അത് പൂർണമായി സ്വകാര്യ കുത്തകകൾക്ക് വിൽക്കുന്നതിലൂടെ, പൊൻമുട്ടയിടുന്ന താറാവിനെയാണ് മോഡി സർക്കാർ കൊല്ലുന്നത്. ബഹുരാഷ്ട്ര കുത്തകകളായ എക്സോൺ മൊബിൽ, ആരംകോ, ഇന്ത്യൻ കുത്തകയായ റിലയൻസ് മുതലായ കമ്പനികൾ ബിപിസിഎല്ലിനെ സ്വന്തമാക്കാൻ ഓടിനടക്കുന്നുണ്ട്. പിൻവാതിലിലൂടെ ഈ സ്വർണഖനി റിലയൻസിന്റെ കൈകളിലെത്തിക്കലാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അഭ്യൂഹമുണ്ട്. റിലയൻസ് പെട്രോ കെമിക്കൽസ് കമ്പനി ഏകദേശം 65 ബില്യൻ ഡോളർ കടബാധ്യതയിലാണിപ്പോൾ. സ്റ്റാൻഡേർഡ് ആൻഡ്‌ പുവർ പോലുള്ള റേറ്റിങ്‌ ഏജൻസികൾ, ബിപിസിഎല്ലിന്റെ റേറ്റിങ്‌ കുറച്ചാൽ ചുളുവിലയ്ക്ക് ഈ കമ്പനിയുടെ ആസ്തികൾ കൈക്കലാക്കാൻ സ്വകാര്യ കുത്തകകൾക്ക് സാധിക്കും. ഇപ്പോഴത്തെ കേന്ദ്ര സർക്കാർനീക്കം റിലയൻസിന്റെ കൈകളിൽ കമ്പനിയെ എത്തിക്കാനാണെന്ന സംശയം പ്രബലമാണ്. ദേശീയ കമ്പോളത്തിൽ എണ്ണ വിൽപ്പനരംഗത്ത് കാര്യമായ സാന്നിധ്യമില്ലാത്ത റിലയൻസിന് ബിപിസിഎല്ലിനെ സ്വന്തമാക്കിയാൽ 24 ശതമാനം കമ്പോള വിഹിതം കൈക്കലാക്കാനാകും. ഈ നീക്കം രാഷ്ട്ര താൽപ്പര്യത്തിന് ഹാനികരമാണ്.

ബിപിസിഎൽ സ്വകാര്യവൽക്കരിക്കപ്പെട്ടാൽ കോടിക്കണക്കിന് പാചകവാതക ഉപയോക്താക്കൾക്ക് ലഭിച്ചുവരുന്ന സബ്സിഡികൾ നഷ്ടപ്പെടും. ബിപിസിഎല്ലിന് ഓഹരി പങ്കാളിത്തമുള്ള “പെട്രോനെറ്റ് എൽഎൻജി’ എന്ന കമ്പനിയും സ്വകാര്യകുത്തകയുടെ കൈവശത്തിലാകും. കേരളത്തിൽ ഉൾപ്പെടെ പ്രകൃതിവാതകം വിതരണംചെയ്യുന്ന ഈ സ്ഥാപനം സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലായാൽ രാജ്യത്തിന്റെ വ്യവസായവൽക്കരണത്തെയും ജനങ്ങളുടെ താൽപ്പര്യത്തെയും അത് പ്രതികൂലമായി ബാധിക്കും. കൊച്ചിൻ റിഫൈനറി സിഎസ്ആർ ഫണ്ടായി 2018‐2019 ൽ കേരളത്തിൽമാത്രം ചെലവഴിച്ചത് 28.4 കോടിരൂപയാണ്. കമ്പനിയുടെ പരിസര പ്രദേശങ്ങളിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യംവച്ചുള്ള വിവിധ പദ്ധതികൾക്കാണ് ഈ പണം ചെലവഴിച്ചത്. ഏത് സ്വകാര്യ കമ്പനിയാണ് ഇങ്ങനെ പൊതുനന്മയ്‌ക്കായി പണം ചെലവഴിക്കുന്നത്? കൊച്ചി റിഫൈനറിയുടെ സംസ്കരണശേഷി വർധിപ്പിച്ച വികസനപദ്ധതി റെക്കോഡ് വേഗതയിൽ പൂർത്തിയായശേഷം, ‘പെട്രോകെമിക്കൽ ഗ്രേഡ് പ്രൊപ്പിലിൻ’ ഉപയോഗപ്പെടുത്തി, ഒരു പെട്രോ കെമിക്കൽ വ്യവസായ ശൃംഘല സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. എഫ്എസിടിയുടെ കൈവശമുള്ള ഭൂമിയിൽനിന്ന്, കേരള സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 176 ഏക്കർ അമ്പലമുകളിൽ സ്ഥാപിക്കുന്ന പെട്രോകെമിക്കൽ വ്യവസായപദ്ധതിക്കായി നൽകി. ബിപിസിഎല്ലിന്റെ വികസനപദ്ധതികൾക്ക് പ്രതിവർഷം 100 കോടിരൂപ നികുതിയിളവ് നൽകുന്നു. ഇതെല്ലാം പരിഗണിക്കുമ്പോൾ ബിപിസിഎൽ സ്വകാര്യവൽക്കരണം സംസ്ഥാനത്തിന് വലിയ ആഘാതമാണ്.

മോഡി സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്ത നയം

ബിപിസിഎൽ സ്വകാര്യവൽക്കരിക്കുമ്പോൾ ഓഹരികളെല്ലാം സ്വകാര്യ കുത്തക കമ്പനിയുടെ അധീനതയിലാകും. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ ഇന്ധനം നൽകാനുള്ള കുത്തകാവകാശം ഇപ്പോൾ ബിപിസിഎല്ലിനാണ്. അതും സ്വകാര്യകുത്തകയുടെ കൈകളിലേക്ക് പോകും. അന്താരാഷ്‌ട്ര ഊർജ ഏജൻസിയുടെ കണക്കുപ്രകാരം, ഇന്ത്യയുടെ എണ്ണ ഉപയോഗം 2040 ആകുമ്പോൾ പ്രതിദിനം 9.7 ദശലക്ഷം ബാരൽ ആകും. നിലവിൽ ഇത് 4.7 ദശലക്ഷം ബാരൽ ആണ്. 5.2 ശതമാനം വളർച്ചയാണ് പ്രതിവർഷം പ്രതീക്ഷിക്കുന്നത്. അതേസമയം അമേരിക്കയിലും യൂറോപ്പിലും എണ്ണ ഉപയോഗം കുറയുമെന്നും പഠന റിപ്പോർട്ട്‌ പറയുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ കമ്പോളത്തിന്റെ സാധ്യത മനസ്സിലാക്കി കുത്തക ഭീമന്മാർ നമ്മുടെ പൊതുമുതൽ ചുളുവിലയ്‌ക്ക് കൈവശപ്പെടുത്താൻ ശ്രമിക്കുകയാണ്.

സ്വകാര്യവൽക്കരണം രാജ്യത്തെ എണ്ണ സംസ്കരണത്തിന്റെയും വിൽപ്പനയുടെയും പകുതിയോളം ഭാഗം സ്വകാര്യകുത്തകകളുടെ അധീനതയിലാക്കും. തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തും. കുറെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും. പുതിയ തൊഴിലവസരം ചുരുങ്ങും. തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വെട്ടിക്കുറയ്‌ക്കപ്പെടും. തന്ത്രപ്രധാന മേഖലയിലെ ഈ സ്വകാര്യവൽക്കരണം രാഷ്ട്രതാൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കും.

ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന ബിപിസിഎൽ സ്വകാര്യവൽക്കരണത്തെ എതിർക്കാൻ ജനങ്ങളാകെ മുമ്പോട്ടുവരണം. റെയിൽവേ, പ്രതിരോധ ഉൽപ്പന്ന വ്യവസായങ്ങൾ, എയർ ഇന്ത്യ, തുറമുഖങ്ങൾ, കൽക്കരി തുടങ്ങി രാജ്യത്തെ സുപ്രധാന മേഖലകളെല്ലാം സ്വകാര്യവൽക്കരിക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മോഡി സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സർവശക്തിയും സംഭരിച്ച് പോരാടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel