കൊച്ചിയ്ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ

കൊച്ചി നഗരസഭയുടെ അനാസ്ഥമൂലം വെള്ളക്കെട്ടിലായ നഗരത്തിന് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ ആരംഭിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ ഇന്നലെ രാത്രി ആരംഭിച്ച ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പുരോഗമിക്കുകയാണ്.

കൊച്ചി നിവാസികള്‍ക്ക് സമ്മതിദാനാവകാശം പോലും വിനിയോഗിക്കാന്‍ കഴിയാത്തവിധം നഗരത്തിലെ വെളളക്കെട്ട് ദുരിതം വിതച്ചതോടെയാണ് നഗരസഭയുടെ അനാസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടത്. ജില്ലാ ഭരണകൂടം വെളളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിക്കാന്‍ തീരുമാനിച്ചു.

സിറ്റി പോലീസ്, ഫയര്‍ & റെസ്‌ക്യൂ , ഇറിഗേഷന്‍, റവന്യൂ വകുപ്പുകളുടെ സഹായത്തോടെ രാത്രി 10 മണിയോടെ തന്നെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിക്കുകയായിരുന്നു. കലൂര്‍ സബ് സ്റ്റേഷനിന് മുമ്പിലായിരുന്നു ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആദ്യം ആരംഭിച്ചത്. ഓടകള്‍ തുറന്ന് വെള്ളക്കെട്ട് വലിയ പമ്പ് വഴി ഒഴുക്കിക്കളയുന്ന രീതിയിലാരുന്നു സംവിധാനങ്ങള്‍. ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും സംവിധാനങ്ങള്‍ രാത്രിമുഴുവന്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മൂന്ന് ദിവസത്തിനുളളില്‍ തന്നെ വെളളക്കെട്ട് പൂര്‍ണമായും മാറ്റാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

ചെറിയ മഴയില്‍പോലും നഗരം മുങ്ങിയിട്ടും നഗരസഭയുടെ ഭാഗത്ത് നിന്നും വര്‍ഷങ്ങളായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരേ വലിയ ജനരോക്ഷമാണ് ഉയര്‍ന്നത്. ഇതോടെയാണ് ദുരിതം അകറ്റാന്‍ നഗരസഭയെ മറികടന്ന് സംസ്ഥാന സര്‍ക്കാരിന് തന്നെ നേരിട്ട് ഇടപേടേണ്ടി വന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here