മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും പല ബൂത്തുകളിലും വൈകിയെത്തിയ പല വോട്ടര്‍മാര്‍ക്കും അപരന്മാര്‍ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍. കല്യാണില്‍ ഈസ്റ്റില്‍ വോട്ടു ചെയ്യാനെത്തിയ ബിപിന്‍ പുരുഷോത്തമനും സമാനമായ അനുഭവമാണ് ഉണ്ടായത്. തന്റെ വോട്ട് ഇതിനകം രേഖപ്പെടുത്തിയെന്നറിഞ്ഞ ബിപിന്‍ മടങ്ങി പോകാന്‍ കൂട്ടാക്കാതെ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

സമ്മതിദാന അവകാശത്തിനായി മണിക്കൂറുകള്‍ പൊരുതേണ്ടി വന്നെങ്കിലും ഫലം കണ്ട സംതൃപ്തിയിലാണ് ഈ മലയാളി യുവാവ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 49ജ വകുപ്പ് ചൂണ്ടിക്കാട്ടി ബിപിന്‍ ഇലക്ഷന്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതോടെയാണ് വോട്ട് ചെയ്യുവാന്‍ അനുവദിച്ചത്.

സംഭവം ബിപിന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കു വച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. തിരക്ക് പിടിച്ച നഗരത്തില്‍ സമയത്തിന് പുറകെ ഓടുന്നവരും ഇത്തരം കാര്യങ്ങളില്‍ അവബോധം ഇല്ലാത്തവരുമായ വലിയൊരു വിഭാഗത്തിന്റെ അശ്രദ്ധയെ ചൂഷണം ചെയ്താണ് കള്ളവോട്ടുകാര്‍ അവസരം മുതലാക്കുന്നത്.