കൊച്ചി: വെള്ളക്കെട്ട് വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കൊച്ചിയിലെ ജനങ്ങള്‍ ദുരിതക്കയത്തിലാണെന്നും ഇങ്ങനെയൊരു നഗരസഭ എന്തിനാണെന്നും കോടതി ചോദിച്ചു.

കൊച്ചി പേരണ്ടൂര്‍ കനാല്‍ ശുചീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കോര്‍പ്പറേഷനെ ശക്തമായി വിമര്‍ശിച്ചത്.

ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഇങ്ങനെ:

വെള്ളക്കെട്ടുമൂലം ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. കൊച്ചിയിലെ കനാലുകള്‍ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണം. ചെളി നീക്കാന്‍ കോടികളാണ് കോര്‍പ്പറേഷന്‍ ചെലവിടുന്നത്. എന്നാല്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാതെ കോര്‍പ്പറേഷന്‍ നിഷ്‌ക്രിയമാകുന്നു. കൊച്ചിയെ സിംഗപ്പൂരാക്കണമെന്നില്ല. പക്ഷേ ജനങ്ങള്‍ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കണം. അതിന് കോര്‍പ്പറേഷന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം. കോടതി ഇടപെടലിലൂടെ മാത്രമെ നടപടിയുണ്ടാകൂ എന്ന തദ്ദേശസ്ഥാപനങ്ങളുടെ നിലപാട് മാറണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ചറിയിക്കാന്‍ കോടതി അഡ്വക്കറ്റ് ജനറലിനോടാവശ്യപ്പെട്ടു. അതേ സമയം, കോര്‍പ്പറേഷന്‍ ചെയ്ത നടപടികളെക്കുറിച്ച് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പ്രതികരിച്ചു.

വെള്ളക്കട്ട് പ്രശ്‌നത്തില്‍ നടപടിയെടുക്കാത്ത കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനെതിരെ കഴിഞ്ഞ ദിവസം വലിയ ജനകീയപ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്രേക്ക ത്രൂവിലൂടെ നഗരത്തിലെ വെള്ളക്കെട്ട് നീക്കുകയും ചെയ്തിരുന്നു.