4 മണിക്കൂര്‍, 2800 ജീവനക്കാര്‍: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിച്ചത് ഇങ്ങനെ: സര്‍ക്കാരിന്റെ ബ്രേക്ക് ത്രൂ പദ്ധതിക്ക് കയ്യടിക്കാം

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ ബ്രേക്ക് ത്രൂ പദ്ധതി വിജയകരം.

കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഡിഎം ആക്ട് പ്രകാരമായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഏകദേശം 4 മണിക്കൂര്‍ കൊണ്ട് 2800ല്‍ പരം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും നിരവധി പൊതുജനങ്ങളും പദ്ധതിയില്‍ പങ്കുകൊണ്ടു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളക്കെട്ട് ഒഴിവാക്കാന്‍ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ തുടങ്ങിയത്. രാത്രി മുഖ്യമന്ത്രിയുടെ നിര്‍ദേശമെത്തിയതോടെ കളക്ടര്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരമുപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.

വൈദ്യുതി ബോര്‍ഡിന്റെ കലൂരിലെ സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ആദ്യ നീക്കം. രാത്രി ഒമ്പതരയോടെ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ ജനററേറ്ററുകള്‍ സ്ഥാപിച്ച് വെളളം പമ്പിങ് ആരംഭിച്ചിരുന്നു.

തുടര്‍ന്ന് പത്തേകാലിന് കളക്ടര്‍ എസ് സുഹാസ്, കമ്മീഷണര്‍ വിജയ് സാഖറെ, അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്, ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി, ഡെപ്യൂട്ടി കലക്ടര്‍ സന്ധ്യ ദേവി, കണയന്നൂര്‍ താലൂക്ക് തഹസീല്‍ദാര്‍ ബീന പി ആനന്ദ് , അഗ്‌നിശമന സേനാംഗങ്ങള്‍, വൈദ്യുതി, ഇറിഗേഷന്‍, റവന്യു ഉദ്യോഗസ്ഥരും എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

കലൂര്‍, കടവന്ത്ര, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. രാവിലെ മുതല്‍ അഗ്‌നിശമന സേന സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പമ്പിങ് തുടങ്ങിയിരുന്നു.

വരുന്ന ദിവസങ്ങളിലുണ്ടാകുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കളക്ടര്‍ എസ് സുഹാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഇതിനുള്ള പദ്ധതി ആവിഷ്‌കരിക്കും.

വെള്ളക്കെട്ട് തടയാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നടപടിയെടുക്കുന്നില്ലല്ലോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരമുപയോഗിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിച്ചതെന്ന് കളക്ടര്‍ മറുപടി നല്‍കി. വെള്ളം കെട്ടികിടക്കുന്ന ബണ്ടുകള്‍ കണ്ടെത്തി പൊളിച്ചു കളയും. വെള്ളക്കെട്ടില്‍ നിന്നും നഗരത്തെ മോചിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇതിനിടെ കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കൊച്ചിയിലെ ജനങ്ങള്‍ ദുരിതക്കയത്തിലാണെന്നും ഇങ്ങനെയൊരു നഗരസഭ എന്തിനാണെന്നും കോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News