തിരുവനന്തപുരം: മൂത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം രമ്യമായി പരിഹരിക്കുന്നതിനു മുന്‍കൈയെടുത്ത തൊഴില്‍ വകുപ്പിന് ഹൈക്കോടതിയുടെ അഭിനന്ദനം.

തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് മാനേജ്മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തീര്‍പ്പാക്കവെയാണ് തൊഴില്‍ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മുത്തൂറ്റ് സമരം സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.

മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനു ഹൈക്കോടതി നിരീക്ഷകനെ നിയോഗിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഇരു കക്ഷികളും ക്രിയാത്മകമായി പാലിച്ച് പ്രശ്നത്തിനു പരിഹാരം കണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

മുത്തൂറ്റ് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായുണ്ടാക്കിയ ത്രികക്ഷി കരാറലെ വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്മെന്റും തൊഴിലാളി സംഘടനകളും ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു.