”ശ്രീകുമാര്‍, നിങ്ങള്‍ എന്താണ് കരുതിയത്; സ്ത്രീ, അവളെ സഹായിക്കുന്നവന്റെ അടിമയായി ജീവിതകാലം ജീവിക്കണമെന്നോ? എന്തൊക്കെയോ പ്രതീക്ഷിച്ചല്ലേ നിങ്ങള്‍ അവരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ നിങ്ങള്‍ക്ക്”; ശ്രീകുമാര്‍ മേനോന് മറുപടി

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നടി മഞ്ജു വാര്യര്‍ക്കെതിരെ നടത്തിയ വധഭീഷണിയില്‍ പ്രതികരണവുമായി നടി ഭാഗ്യലക്ഷ്മി.

സൗഹൃദം ഉപേക്ഷിച്ച് പോയ പെണ്ണിന്റെ പിന്നാലെ നടന്ന് അവളെ അപമാനിച്ച് ഭീഷണിപ്പെടുത്തി സമയം പാഴാക്കല്‍ ഒരു കലാകാരന് ചേര്‍ന്ന പണിയല്ലെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു..തനി പരദൂഷണം..

അദ്ദേഹമാണത്രെ മഞ്ജു വാര്യര്‍ ക്ക് രണ്ടാമത് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തത്.. അതിന്റെ നന്ദി മഞ്ജു അയാളോട് കാണിച്ചില്ല എന്ന്..
മഞ്ജു ഇറങ്ങി വരുമ്പോള്‍ കൈയില്‍ 1500 രൂപയേ ഉണ്ടായിരുന്നുളളു,
മഞ്ജുവിന്റെ അച്ഛന്‍ അങ്ങനെ പറഞ്ഞു അമ്മ ഇങ്ങനെ പറഞ്ഞു ഇങ്ങനെ നീണ്ടുപോകുന്നു.

ഒരു പണിയും ഇല്ലാത്ത ചിലര്‍ കൊതിയും നുണയും പറയുന്ന പോലൊരു പോസ്റ്റ്.
തനി തറ..
വലിയ വലിയ പരസ്യങ്ങള്‍ ചെയ്ത,അമിതാബ് ബച്ചനെപ്പോലെ വലിയ വലിയ ആളുകളുമായി ഇടപഴകിയിട്ടും അതിന്റെ പക്വതയില്ലാതെ, സംസ്‌കാരമില്ലാതെ, മുന്‍കാല സുഹൃത്തിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതിയ നിങ്ങളുടെ അന്തസ്സില്ലായ്മ പലപ്പോഴായി ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവാം അവര്‍ നിങ്ങളുടെ സൗഹൃദം ഉപേക്ഷിച്ച് പോയത് എന്ന് ഏത് ബുദ്ധിയുളളവനും അത് വായിച്ചാല്‍ മനസിലാവും.

നിങ്ങള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ മഞ്ജുവിനെ അഭിനയിപ്പിക്കും..
അങ്ങനെയെങ്കില്‍ മഞ്ജു വാര്യര്‍ എന്ന നടിയെ നായികയാക്കിയത് ലോഹിതദാസും സുന്ദര്‍ദാസും ആയിരുന്നല്ലോ അവരും അവകാശപ്പെടണ്ടേ ഞങ്ങളാണ് മഞ്ജുവിന് ജീവിതം കൊടുത്തത് എന്ന്.

ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?
ശ്രീമാന്‍ ശ്രീകുമാര്‍ മേനോന്‍ നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തതിന്റെ കാരണമെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി, എത്രമാത്രം മാനസികമായി പീഡിപ്പിച്ചിരിക്കാം നിങ്ങള്‍ അവരെ? ഇങ്ങനെയൊക്കെ എഴുതുന്ന നിങ്ങളെ എങ്ങനെ സഹിക്കും?
‘ഞാനല്ലേ നിന്നെ അങ്ങനെയാക്കിയത് ഇങ്ങനെ ആക്കിയത്’ എന്ന് നിരന്തരം പറയുന്ന ഒരു സുഹൃത്തിനെ?..കൂടെ കൊണ്ട് നടക്കുന്നത് എന്തൊരു ദുരന്തമാണ്…

ഏതോ വഴിയേ പോകുന്ന ഒരാളെ പിടിച്ചല്ല നിങ്ങള്‍ പരസ്യത്തില്‍ അഭിനയിപ്പിച്ചത്..

കേരളം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍, ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ സിനിമ വിട്ടത്.. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ തിരിച്ചു വരവ് ജനം കാത്തിരുന്ന സമയത്താണ് നിങ്ങള്‍ അവരെ പരസ്യത്തില്‍ അഭിനയിപ്പിച്ചത്..

അതിലൂടെ നിങ്ങളല്ലേ അവരുടെ പ്രശസ്തി മുതലെടുത്തത്?. ഒടിയന്‍ സിനിമ സമയത്തും അവര്‍ക്കെതിരെ നിങ്ങള്‍ പലതും പറഞ്ഞു..അതിനര്‍ത്ഥം പ്രശസ്തയായ ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ കിട്ടുന്ന പ്രശസ്തിയല്ലേ നിങ്ങള്‍ ലക്ഷ്യമിടുന്നത്?..എന്നാല്‍ മഞ്ജു ഒരിക്കല്‍ പോലും നിങ്ങളെ കുറിച്ചോ അവരെ അപമാനിച്ചവരെ കുറിച്ചോ,ദ്രോഹിച്ചവരെ കുറിച്ചോ പരിഹസിച്ചവരെ കുറിച്ചോ സോഷ്യല്‍ മീഡിയയിലോ അഭിമുഖങ്ങളിലോ ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ?പറയില്ല അതാണ് ബുദ്ധി.സംസ്‌കാരം. അന്തസ്സ്..ശ്രീകുമാര്‍ മേനോന്‍ നിങ്ങള്‍ എന്താണ് കരുതിയത്.. ഒരു സ്ത്രീ, അവളെ സഹായിക്കുന്നവന്റെ അടിമയായി ജീവിതകാലം മുഴുവന്‍ ജീവിക്കണമെന്നോ?എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടല്ലേ നിങ്ങള്‍ അവരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ നിങ്ങള്‍ അവരെ അപമാനിച്ച് തീര്‍ക്കുന്നത്? ഇക്കണക്കിന് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്താണ്?എല്ലാവരും നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രതീക്ഷിക്കൊത്ത് നടന്നില്ലെങ്കില്‍ അവരെ ഇങ്ങനെ അപമാനിക്കും അല്ലേ?

നിങ്ങളുടെ പോസ്റ്റില്‍ പറഞ്ഞത് മുഴുവന്‍ ശുദ്ധ നുണയാണെന്നും അസംബന്ധമാണെന്നും അത് വായിക്കുന്ന ഏതൊരു വിവരമുള്ള മലയാളിക്കും മനസിലാവും…താന്‍ സഹായിക്കുന്നവന്റെ വളര്‍ച്ച കണ്ടിട്ട് സഹിക്കാന്‍ പറ്റാത്തവന്റെ കൊതിക്കെറുവ് പോലെ തോന്നി അത് വായിച്ചിട്ട് .

എന്തിന്റെ പേരിലായാലും ഒരു സുഹൃത്ത്, ജീവിത പങ്കാളി അത് ആണായാലും പെണ്ണായാലും ആ ബന്ധം ഉപേക്ഷിച്ച് പോയാല്‍ അതിനെ അംഗീകരിക്കണം..അതാണ് അന്തസ്സ്..

നിങ്ങള്‍ എന്തിനാണ് ഇങ്ങനെ അവരുടെ പിന്നാലെ സഞ്ചരിക്കുന്നത്? നിങ്ങള്‍ സിനിമ ചെയ്യാനല്ലേ ഈ രംഗത്തേക്ക് വന്നത്? പോയി സിനിമ ചെയ്യൂ ,കഴിവ് തെളിയിക്കൂ..അല്ലാതെ സൗഹൃദം ഉപേക്ഷിച്ച് പോയ പെണ്ണിന്റെ പിന്നാലെ നടന്ന് അവളെ അപമാനിച്ച് ഭീഷണിപ്പെടുത്തി സമയം പാഴാക്കല്‍ ഒരു കലാകാരന് ചേര്‍ന്ന പണിയല്ല..

ഭാഗ്യലക്ഷ്മി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News