കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച വിദ്യാര്‍ത്ഥിക്ക് നാടിന്‍റെ അന്ത്യാഞ്ജലി

കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച അഫീൽ ജോൺസണ് അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ട് ചൊവ്വൂർ സെന്റ് മാത്യൂസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 9 നാണ് അഫീലിന്റ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. 10.45 നടപടികൾ പൂർത്തിയാക്കി കോട്ടയം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും വിലാപയാത്രയായാണ് അഫീലിന്റെ മൃതദ്ദേഹം സ്വദേശമായ മൂന്നിലവിലേക്ക് കൊണ്ടുപോയത്. അഫിലിന്റെ വിദ്യാലയമായ പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലും പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലും മൃതദ്ദേഹം പൊതുദർശനത്തിന് വച്ചു. കായികമന്ത്രി ഇ പി ജയരാജനു വേണ്ടി സി പി ഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ റീത്ത് സമർപ്പിച്ചു. ജനപ്രതിനിധികൾക്കൊപ്പം നാട്ടുകാരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യമോപചാരം അർപ്പിക്കാനെത്തി.

ഒക്ടോബർ 4 നാണ് സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിനിടെ അഫിലിന് ഹാമർ വീണ് പരിക്കേറ്റത്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പാലായിലെ സിന്തറ്റിക് ട്രാക്കിൽ അത്‌ലറ്റിക് അസോസിയേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ജില്ലാ കലക്ടറും പൊലീസും കായിക വകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അശ്രദ്ധമായി മത്സരങ്ങള്‍ സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നുവെങ്കിലും അഫീലിന്റെ മരണത്തോടെ മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റവും സംഘാടകർക്കെതിരെ ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here