അരാജകത്വത്തിന്റെ രാജ്യത്തിലേക്കുളള പാസ്‌പോര്‍ട്ട്; എ അയ്യപ്പന്റെ കവിതാ ലോകത്തെക്കുറിച്ച് ജോണി എം എല്‍

അയ്യപ്പന്റെ കവിതകള്‍ സാന്‍ഡ് കാസ്റ്റ് ചെയ്ത ഓട് ശില്പങ്ങള്‍ പോലെയാണ്; ഒറ്റ പ്രാവശ്യമേ ഉണ്ടാക്കാനാകൂ- കവി എ അയ്യപ്പന്‍ ഓര്‍മ്മയായിട്ട് ഒമ്പത് വര്‍ഷമാവുമ്പോള്‍ പ്രമുഖ കലാചരിത്രകാരനായ ജോണി എം എല്‍ എഴുതുന്നു.

ജോണി എം എല്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

‘മെമു എന്നൊരു തീവണ്ടിയുണ്ട്. ഇടിമുറിയുടെ രൂപവും വെളിച്ചവുമുള്ള ഒരു കമ്പാര്‍ട്ടുമെന്റില്‍ ഇരുട്ടിന്റെ പുതപ്പിനുള്ളിലേയ്ക്ക് കയറുന്ന നഗരപ്രാന്തങ്ങളെയും ഇടറുന്ന നിഴലുകളെയും നോക്കിയിരിക്കുമ്പോള്‍, തൊട്ടെതിര്‍വശത്തെ സീറ്റില്‍ ഇരിയ്ക്കുന്ന ഒരു യുവാവിന്റെ തുറിച്ചു നോട്ടം എന്നെ അസ്വസ്ഥനാക്കി. അയാള്‍ അങ്ങിനെ ക്ഷീണിതരായ യാത്രികരെയെല്ലാം തുറിച്ചു നോക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അരികില്‍ വന്നു ചോദിച്ചു, ‘ചേട്ടന്‍ എഴുത്തുകാരനാണോ?’ അതില്‍ എനിയ്ക്ക് അത്ഭുതം തോന്നിയില്ല.

എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഇന്നും ആളുകളുടെ മനസ്സില്‍ ഉള്ള രൂപം എന്നത് താടി വളര്‍ത്തി, ജുബ്ബയിട്ട്, സഞ്ചി തൂക്കിയ ഒരാള്‍ എന്നത് തന്നെ. ഒരു പക്ഷെ അതൊരു പോസിറ്റിവ് ഐഡന്റിറ്റി ആണ്. കൗതുകവും പുച്ഛവും കലര്‍ന്ന ആദ്യനോട്ടം കഴിഞ്ഞാല്‍ ആളുകള്‍ ഈ രൂപമുള്ളവരോട് നിസംഗകലര്‍ന്ന ഒരു അകല്‍ച്ചയാണ് പുലര്‍ത്തുന്നത്. അപൂര്‍വം ചിലര്‍ ചിലത് ചോദിച്ചേയ്ക്കുമെന്നു മാത്രം.

‘ഞാനൊരു കവിയാണ്,’ ചോദിക്കാതെ തന്നെ ആ യുവാവ് പറഞ്ഞു. അവനില്‍ മദ്യം മണത്തു. ‘അയ്യപ്പണ്ണന്‍ എന്റെ വലിയ കൂട്ടുകാരനായിരുന്നു. ചേട്ടന് അയ്യപ്പണ്ണനെ അറിയുമോ?’ അവന്‍ ചോദിച്ചു. ‘അറിയും’ ഞാന്‍ പറഞ്ഞു.

അയ്യപ്പന്‍; ആ പേരും ഒരു പാസ്‌പോര്ട്ട് ആണ്; കവിതയുടെ ലോകത്തിലെ സ്വാതന്ത്ര്യവും അരാജകത്വവും നിറഞ്ഞ ഒരു രാജ്യത്തേയ്ക്കുള്ള പാസ്‌പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിക്കാത്ത ആ രാജ്യത്തിന്റെ ഭൂപടം, അയ്യപ്പന്റെ യാത്രകളെപ്പോലെ, എല്ലാടവും കയറി മറിഞ്ഞു പോകുന്നു.

അയ്യപ്പന്‍ മരിച്ചപ്പോള്‍ കവികള്‍ മദ്യപിച്ചു പ്രതിഷേധിച്ചു. അയ്യപ്പന്‍ പ്രതിഷേധിക്കാതെ തന്നെ ഒരു ജീവിതം മുഴുവന്‍ മദ്യപിച്ചു തീര്‍ത്തു. മദ്യപിക്കണമെന്നു തോന്നുമ്പോള്‍ കവിതയെഴുതുകയും ആ കവിതയ്ക്കു കാശ് വാങ്ങുകയും ചെയ്തു. പക്ഷെ പണത്തിനെഴുതിയ കവിതയിലും പതിരുണ്ടായില്ല; കാരണം അയ്യപ്പന്‍ കവിയായിരുന്നു.

അയ്യപ്പന്‍ വലിയൊരു തെറ്റ് ചെയ്തു. മദ്യപിച്ചുന്മത്തനായി ആളുകളുടെ സ്വകാര്യതയിലും പോക്കറ്റിലും കടന്നു കയറി ജീവിച്ചാല്‍ കവിയാകും എന്ന ഒരു തെറ്റിദ്ധാരണ പരത്തി; അത് അയ്യപ്പന്‍ മനഃപൂര്‍വം ചെയ്തതായിരുന്നില്ല. തന്നെ ഏറ്റെടുക്കുന്നവര്‍ തന്നെപ്പോലുള്ളവര്‍ തന്നെ ആയിരിക്കും എന്ന് അയ്യപ്പന്‍ വിശ്വസിച്ചു. അല്ലാതുള്ളവരും അയ്യപ്പനെ താത്കാലികമായെങ്കിലും ഏറ്റെടുത്തിരുന്നു. പക്ഷെ അയ്യപ്പനെന്ന വ്യക്തിയെ സഹിക്കുക പ്രയാസമായിരുന്നു.

അയ്യപ്പനൊപ്പം കുടിച്ചവര്‍ക്ക് വേണ്ടി അയ്യപ്പന്‍ ഓര്‍മ്മകള്‍ നെയ്തുകൊടുത്തു. അവര്‍ അത് എല്ലാവര്‍ഷവും അലക്കി വെളുപ്പിച്ചു അയയില്‍ വിരിച്ചു. പിന്നെ മടക്കി വെച്ചു. തുടര്‍ജീവിതത്തില്‍ കുടിച്ചവര്‍ എങ്ങുമെത്താതെ അലഞ്ഞു; ചിലര്‍ മരിച്ചു പോയി. ജനിച്ചാല്‍ മരിക്കും എന്നതാണ് ജീവിതത്തെ രസമുള്ളതാക്കുന്നത്. അതിനാല്‍ മരിച്ചു പോകുന്നത്, അത് കുടിച്ചിട്ടായാലും ഒരു തെറ്റല്ല. പക്ഷെ കവിതയെഴുതുന്നെന്നു വിചാരിച്ചു കൊണ്ട് കുടി തുടരുന്നവര്‍ ഇപ്പോഴും ഉണ്ട്. കുടി ബാക്കിയാവുകയും കവിത കാലിടറുകയും ചെയ്യുന്നു.

വീട്ടില്‍ പെണ്ണുങ്ങളുള്ളവര്‍ക്കും പെണ്ണുങ്ങള്‍ക്കും അയ്യപ്പനെ സഹിക്കുക പ്രയാസമായിരുന്നു. അയ്യപ്പനെ സഹിച്ചവരുണ്ടെങ്കില്‍, അവര്‍ അയ്യപ്പനാകാന്‍ കഴിയാതെ മധ്യവര്‍ഗിയുടെ ജീവിതം പേറുന്നവരായിരുന്നിരിക്കാം. സ്ത്രീകളില്‍ ഒഡേസ സത്യന്റെ ഭാര്യ മാത്രമാണ് അയ്യപ്പനെ കുറിച്ച് നല്ലത് പറഞ്ഞിട്ടുളളത്. അയ്യപ്പനെ രോഗകാലത്ത് മകനെപ്പോലെ നോക്കിയാ ചില സ്ത്രീകളെ കുറിച്ച് അടുത്തിടെ കേട്ടു. അയ്യപ്പനെ ഇനി വീട്ടില്‍ കൊണ്ട് വന്നാല്‍ രണ്ടു പേരെയും ഞാന്‍ പുറത്താക്കും എന്ന് ഭീഷണി മുഴക്കിയ ഭാര്യമാരെ എനിയ്ക്കറിയാം.

അയ്യപ്പന്‍ പ്രതിഭാശാലിയായിരുന്നു. പക്ഷെ എല്ലാ സ്ത്രീകളോടും മിസ് ബിഹേവ് ചെയ്യാം എന്ന് അയ്യപ്പന് തോന്നിയിരുന്നു. അത് മദ്യം കൊണ്ട് മാത്രമായിരുന്നില്ല. അതൊരു മനോനില ആയിരുന്നു. അത് തെറ്റായിരുന്നു എന്ന് പറഞ്ഞു കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ സജീവമാകുന്നതിനു മുന്‍പുള്ള കാലത്തായിരുന്നു അയ്യപ്പന്‍ സദസ്സുകളും വേദികളും ഷാപ്പുകളും ബാറുകളും സിനിമാ ഫെസ്ടിവലുകളും ഒക്കെ അടക്കി വാണത്. ഇന്നായിരുന്നെങ്കില്‍ അയ്യപ്പന്‍ കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞേനെ.

അയ്യപ്പനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ സജീവമാണ്. നീ കവിത എഴുതേണ്ട, കവിതയെഴുതാന്‍ അയ്യപ്പനിവിടെയുണ്ട് എന്ന് പറഞ്ഞു കൊണ്ട് എന്നെ കാര്യമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. എന്റെ ഗേള്‍ഫ്രണ്ടിനോട് മിസ് ബിഹേവ് ചെയ്തിട്ടുണ്ട്. അയ്യപ്പനായതിനാല്‍ അങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞു അന്ന് ഞാന്‍ ആ പെണ്‍കുട്ടിയെ സമാധാനിപ്പിക്കുകയായിരുന്നു. പക്ഷെ അവള്‍ക്ക് കവിയെക്കുറിച്ചു നല്ല അഭിപ്രായം പറയാന്‍ പിന്നീട് തോന്നിയില്ല. അയ്യപ്പനൊപ്പം ചാരായം കുടിക്കുക എന്ന ആചാരം പാളയം ഷാപ്പില്‍ കയറി സഫലീകരിച്ചു. ഷോലെ സിനിമ പോലെയായിരുന്നു അയ്യപ്പന്‍; ഒരേ സിനിമ, പലരോടു പല സമയങ്ങളില്‍ ആവര്‍ത്തിയ്ക്കുന്നു. അതിനാല്‍ അയ്യപ്പന്‍ മിത്തോളജിയ്ക്ക് ഒരു ഘടനയുണ്ട്; വ്യവസ്ഥയും. ഇടങ്ങള്‍ മാത്രമേ മാറുന്നുള്ളൂ.

അയ്യപ്പന്‍ കവിതയില്‍ സ്‌കൂള്‍ ഉണ്ടായില്ല; ഉണ്ടാക്കിയവര്‍ വി കെ എന്ന് മാര്‍ഷല്‍ പോലെ അപ്രസക്തരായി. അയ്യപ്പന്റെ കവിതകള്‍ സാന്‍ഡ് കാസ്റ്റ് ചെയ്ത ഓട് ശില്പങ്ങള്‍ പോലെയാണ്; ഒറ്റ പ്രാവശ്യമേ ഉണ്ടാക്കാനാകൂ. അഗാധമായ തിരസ്‌കാരത്തിന്റെ ഓര്‍മ്മകളില്‍ നീറി ജീവിച്ച മനുഷ്യനായിരുന്നു അയ്യപ്പന്‍.

മാന്യനായ അക്ഷരം അയ്യപ്പനില്‍ നിന്ന് മദ്യപാനിയായ കവി അയ്യപ്പനിലേക്കുള്ള വളര്‍ച്ചയില്‍ അയ്യപ്പന്‍ അയ്യപ്പനെ ആവര്‍ത്തിച്ച് പോയി. ഒരു ഡ്രൈവിംഗ് സ്‌കൂള്‍ പോലെ കവിയാകാന്‍ പഠിക്കാനുള്ള സ്‌കൂളായിരുന്നു അയ്യപ്പന്‍. അയ്യപ്പന്‍ നല്ലൊരു കവിമാഷായിരുന്നു. ഗുരോസ്തു ലഹരി വ്യാഖ്യാനം എന്ന നിലയില്‍ അത് വളര്‍ന്നു. എന്നും ഇടതു സീറ്റില്‍ അയ്യപ്പനുണ്ടാകുമെന്നു കരുതി കൈയും വിട്ടു കവിതയോടിച്ചവര്‍ അയ്യപ്പന്‍ മരിച്ചപ്പോള്‍ കവിതാവണ്ടി കൊണ്ട് കണ്ടിടത്തിടിച്ചു കവിപ്പട്ടം നേടി.

അയ്യപ്പന്‍ ആവര്‍ത്തിക്കുന്നില്ല; ജോണ്‍ അബ്രഹാമിനെപ്പോലെ. അതിനാര്‍ക്കും പറ്റാത്തത് കൊണ്ടല്ല .ഒരു കവിയെ ഉണ്ടാക്കിയെടുക്കുന്നത് കാലമാണ്. ആ കാലം പൊയ്‌പോയി. കഫേ കോഫി ഡെയിലെയും മള്‍ട്ടിപ്‌ളെക്‌സുകളിലെയും ചെറുപ്പക്കാര്‍ക്ക് അയ്യപ്പനെപ്പോലൊരു വ്യക്തിയെ സഹിക്കാനിനി ആകില്ല. അത് കൊണ്ട് തന്നെ കവിതക്കൂട്ടങ്ങള്‍ ചുരുങ്ങിവരികയാണ്.

പുതിയകാലങ്ങള്‍ക്ക് പുതിയ കവികള്‍ ഉണ്ടാകും. അവര്‍ അയ്യപ്പനെപ്പോലെ ഇരിക്കില്ല. പടത്തില്‍ കാണുന്ന അയ്യപ്പനെ അവര്‍ക്കിഷ്ടം. അയ്യപ്പന്‍ ഉയിര്ത്തുവന്നാല്‍ ഒരു സ്മാള്‍ വാങ്ങിക്കൊടുക്കാന്‍ അയ്യപ്പന്റെ തലമുറയും പുതിയതലമുറയും മടിയ്ക്കും. അയ്യപ്പന് കമ്പനി കൊടുത്ത ഇടത്തലമുറ ഇനിയും സ്വന്തം കവിതാലോകം സൗഹൃദസദസ്സുകള്‍ക്കപ്പുറം വിപുലീകരിച്ചിട്ടില്ല. വിവാദങ്ങള്‍ക്കു പോലും അവരെ മുഖചിത്രമാക്കാന്‍ കഴിയുകയില്ല.

അയ്യപ്പന്റെ കവിതകള്‍ പഠിക്കപ്പെടണം. അയ്യപ്പന്‍ എന്നെ പഠിപ്പിച്ചത് അവ്യവസ്ഥതയില്‍പ്പോലും ഏറ്റവും വലിയ പ്രതിഭയ്ക്ക് രചനയില്‍ അച്ചടക്കം പുലര്‍ത്താന്‍ കഴിയുമെന്നതാണ്. സ്വയം വ്യവസ്ഥപ്പെട്ടതിനാലും പ്രതിഭ കുറഞ്ഞതിനാലുമാകണം മദ്യപിച്ചു കൊണ്ട് ഒരു വരി ഞാന്‍ എഴുതിയിട്ടില്ല, എഴുതാനുമാകില്ല. അയ്യപ്പന്‍ കവിതയില്‍ തര്‍ക്കോവ്‌സ്‌കി ആയിരുന്നു; അദ്ദേഹത്തിനെ പിന്തുടര്‍ന്നവരാകട്ടെ ലിജോ ജോസ് പെല്ലിശ്ശേരി ആയി തുടരുന്നു. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here