കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പൊലീസ് പരാതിയില്‍ ഇടപെടാനാകില്ലെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും മഞ്ജു അയച്ച കത്ത് ‘അമ്മ’യ്ക്ക് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു. എന്നാല്‍ മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

വിവാദത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്കയും അഭിപ്രായപ്പെട്ടു.

മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നും ശ്രീകുമാര്‍ ഫെഫ്ക അംഗമല്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇന്നലെയാണ് ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അപകടപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന ഭയമുണ്ടെന്നും ചൂണ്ടിക്കാണിച്ച് മഞ്ജു പരാതി നല്‍കിയത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിക്കുന്നത്.