യാത്രയില്‍ അസൗകര്യങ്ങള്‍ നേരിടുമ്പോള്‍ യാത്രികര്‍ വിമാനത്തിനകത്ത് ബഹളം വെക്കുന്ന സംഭവം ധാരളം കേട്ടിട്ടുണ്ട്. എന്നാല്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും എമര്‍ജന്‍സി വാതില്‍ തുറന്ന് താഴേയ്ക്ക് ചാടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് വിമാന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും തലവേദനയുണ്ടാക്കി.

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേയ്ക്ക് സഞ്ചരിച്ച നോര്‍ഡ്വിന്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

വിമാനം 33000 അടി ഉയരത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന യുവാവ് വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഒരു ഡോക്ടറെത്തി യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്ന് വിമാനത്തിലെ മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തി. ഫോണിന്റെ കേബിള്‍ കൊണ്ട് യുവാവിനെ ബന്ധിച്ചു. ഉസ്ബക്കിസ്ഥാനില്‍ ലാന്‍ഡ് ചെയ്ത ഉടനെ യുവാവിനെ പൊലീസിന് കൈമാറി.