സമൂഹ മാധ്യമങ്ങള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ മൂന്ന് മാസത്തിനകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങള്‍ കൊണ്ടു വരും. കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്ന് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം സമയം നീട്ടിചോദിച്ചിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.