അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല

അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് നിര്‍ണായക തീരുമാനം. പൗരത്വ പട്ടികക്ക് പിന്നാലെയാണ് പുതിയ തീരുമാനം. എന്നാല്‍ മുസ്ലിം ജനസംഖ്യയിലെ ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് നീക്കത്തിന് പിന്നിലെന്ന വിമര്‍ശനവും ശക്തമാണ്.

2021 ജനുവരി ഒന്നിന് ശേഷം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലികള്‍ക്കായി പരിഗണിക്കില്ല. നിലവില്‍ രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിയമം ബാധകമായിരിക്കും. കുടുംബത്തിലെ അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. ജോലിയില്‍ നിന്ന് വിരമിക്കുന്നത് വരെ ഈ നയം പാലിക്കപ്പെട്ടില്ലെങ്കില്‍ ജോലി നഷ്ടമാകും.

ജനസംഖ്യ നിയന്ത്രണത്തിനൊപ്പം പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമം ഇല്ലാതാക്കുകയാണ് പരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ വാദം. അതേ സമയം 61 ശതമാനം ഹിന്ദുമതവിശ്വാസികളുള്ള അസം, മുസ്ലിം ജനസംഖ്യയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 34 ശതമാനാണ് മുസ്ലിം ജനസംഖ്യ.

2011 ലെ സെന്‍സസ് പ്രകാരം മുസ്ലിം ജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ സംസ്ഥാനവും അസമാണ്. ഇതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന വിമര്‍ശനവും ഇതിനോടകം ശക്തമായിട്ടുണ്ട്.

പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് മറ്റൊരു കടുത്ത തീരുമാനം കൂടി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.അതേസമയം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പും ശക്തമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here