‘ഓര്‍മയിലെ മുല്ലമണം’; മുല്ലനേഴിയെക്കുറിച്ച് ശിവകുമാര്‍ കാങ്കോല്‍

കവിയും ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേ‍ഴി ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം. ചലച്ചിത്ര പ്രവര്‍ത്തകനായ ശിവകുമാര്‍ കാങ്കോല്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍ ഓര്‍ക്കുന്നു

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യ പുസ്തകങ്ങൾ പരിഷത്തിന്‍റെ പ്രവർത്തകർ ആളുകളെ സമീപിച്ച് വില്പന നടത്തുന്ന കാലത്ത് അവരിൽ നിന്ന് ഞാൻ വാങ്ങിയ പുസ്തകമാണ് മുല്ലനേഴി എഴുതിയ സമതലം എന്ന നാടകം.

പരിഷത്തിന്‍റെകലാജാഥകളിലെ മികച്ച ഗാനങ്ങളും സംഗീതശില്പങ്ങളും എഴുതിയ വലിയ കവിയെന്ന നിലയിൽ നേരത്തേയുള്ള ആദരവാവാം ഒരു പാടു പുസ്തകങ്ങളിൽ നിന്നും ഞാൻ സമതലം തെരഞ്ഞെടുക്കുവാൻ കാരണം.

കവിതയൊന്നും അന്ന് വായിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെയും വർഷങ്ങൾക്ക് ശേഷം പ്രിയനന്ദനൻ നെയ്ത്തുകാരൻ സിനിമയായി ചെയ്യാൻ ആലോചിച്ചു തുടങ്ങിയ കാലത്ത്, തൃശൂർ അപ്പൻ തമ്പുരാൻസ്മാരകത്തോടനുബന്ധിച്ചുള്ള കോട്ടേജിൽ താമസിച്ച് ശശിമാഷ് (എൻ.ശശിധരൻ) നെയ്ത്തുകാരന്‍റെ തിരക്കഥ എഴുതുന്ന കാലത്ത് മാഷോടും പ്രിയനോടുമൊപ്പം അവിടെയുള്ള ഒരു ദിവസമാണ് അവിടെ മുല്ലനേഴിമാഷ് നേരിൽ പ്രത്യക്ഷപ്പെടുന്നത്. മനസിൽ ആദരവുള്ള വലിയ ഒരു കവിയെ ആദ്യമായി അടുത്തു കാണുകയാണ്.

ഏതോ കവിതാ സംബന്ധിയായ പരിപാടിയുടെ ജഡ്ജ്മെൻറ് കഴിഞ്ഞ് വരികയാണ് മാഷ്. അന്ന് കുറച്ചെന്തോ മാത്രമേ തമ്മിൽ സംസാരിച്ചിരുന്നുള്ളൂ.

പിന്നീടുള്ള ദിവസങ്ങളിലും പല ഭാവങ്ങളിൽ മാഷ് പ്രത്യക്ഷപ്പെടുന്നത് പതിവായി. അങ്ങോട്ടു സമീപിക്കാനും സംസാരിക്കാനും പറ്റാത്ത വിധം മാഷ് നിറഞ്ഞ് തുളുമ്പുന്ന ദിവസങ്ങളായിരുന്നു അതൊക്കെ.

വരുന്ന ദിവസങ്ങളിൽ വഴിയിൽ നിന്നും ഞങ്ങൾക്കായി മാഷ് ഭക്ഷണം പൊതിഞ്ഞു വാങ്ങിക്കൊണ്ടു വരാറുണ്ടായിരുന്നു.

വ്യക്തി എന്ന നിലയിൽ മാഷുടെ വലിപ്പത്തെ പറ്റിയും സവിശേഷതകളെ പറ്റിയും ആ ദിവസങ്ങളിലാണ് പലരിൽ നിന്നായി കേട്ടറിയുന്നത്.

ലോകം മാഷെയും മാഷ് ലോകത്തെയും എത്ര മാത്രം അഗാധമായാണ് സ്നേഹിക്കുന്നത് എന്ന് ആ നാളുകളിൽ അടുത്തറിയാൻ കഴിഞ്ഞു.

അടുപ്പമുള്ളവരെല്ലാം മുല്ലൻ എന്നാണ് മാഷെ വിശേഷിപ്പിക്കുക. ക്രമേണ മാഷുമായി കുടുതൽ സംസാരിക്കുവാനും അടുക്കുവാനും അവസരമുണ്ടായി. സവിശേഷമായ ആ മുല്ലമണം എനിക്കും അനുഭവിക്കാനായി.

നെയ്ത്തുകാരന്‍റെ ചിത്രീകരണത്തിനിടയിലെ സാമ്പത്തികവും അല്ലാത്തതുമായ പ്രതിസന്ധികളിൽ നടനായി മാത്രമല്ല ചിലപ്പോൾ പ്രിയന്‍റെ രക്ഷിതാവിന്‍റെ റോളിലും മാഷെ കണ്ടു. കുറച്ചു കൂടി കഴിഞ്ഞാണ്, മാഷുടെ മകൻ പ്രദീപൻ പ്രിയന്‍റെ സിനിമയിൽ സഹായിയായി വരുന്നത്.

പ്രദീപനുമായുള്ള അടുപ്പത്തിനു ശേഷം തൃശൂരിൽ പോയാലെല്ലാം പോകുന്ന ഒരു വീട് മാഷുടേതുമായി. പ്രദീപനും സുഹൃത്തുക്കൾക്കുമൊപ്പം നഗരത്തിൽ അലഞ്ഞ്, രാത്രി വൈകിയെത്തി ഏറെ വർത്തമാനം പറഞ്ഞ് വളരെ വൈകി ഉറങ്ങുന്ന ദിവസങ്ങളുടെ പിറ്റേന്ന് രാവിലെ മാഷ് സ്റ്റീൽ മൊന്തയിൽ ചായയുമായി പടികൾ കയറി മാഷിന്‍റെ വീടിന്‍റെ മുകളിലെ മുറിയിൽ വന്ന് സ്നേഹപൂർവം വിളിച്ചുണർത്തും.

വേഗം ഉണരുന്ന ഞാൻ മാഷുമായി ഏറെ നേരം സംസാരിച്ചിരിക്കും. വൈലോപ്പിള്ളിയുമായും ദേവരാജൻ മാഷുമായും ജോൺ എബ്രഹാമുമായും എല്ലാം ബന്ധപ്പെട്ട മാഷുടെ അനുഭവങ്ങൾ ഞാൻ താല്പര്യത്തോടെ കേൾക്കുന്നത് ആ ദിവസങ്ങളിലാണ്.

ആദ്യം അപ്പൻ തമ്പുരാനിൽ കണ്ട കാലത്തെ മാഷേയല്ല ഇക്കാലത്തു കാണുന്ന മാഷ്. പിന്നെയും പല സ്ഥലകാലങ്ങളിൽ മാഷുമായി ബന്ധപ്പെട്ട ഓർമകൾ തെളിഞ്ഞു നിൽക്കുന്നുണ്ട്.

എറണാകുളം കലൂരിൽ സജിയുടെ വീട്ടിൽ താമസിക്കുന്ന കാലത്ത് അവിടെ വന്നതും പയ്യന്നൂരിൽ പലതവണ പല പരിപാടികൾക്കായി വന്നതും വയനാട്ടിൽ, കോഴിക്കോട് സർവകലാശാല യൂനിയൻ നടത്തിയ ഒരു സാഹിത്യ ക്യാമ്പിൽ ശശി മാഷ്ക്കൊപ്പം പോയപ്പോൾ പ്രിയനും മാഷും അവിടെയുണ്ടായിരുന്നതും കുട്ടികളുടെ സംശയങ്ങൾക്ക്, മാഷ് പറഞ്ഞ രസകരമായ മറുപടികളും എല്ലാം വ്യക്തമായി ഓർക്കുന്നു.

ഒരിക്കൽ ശിവന് തൃശൂർ ഭാഗത്തുള്ള പ്രശസ്തിയൊന്നും പയ്യന്നൂരിലില്ലല്ലോ എന്ന് തമാശയായി മാഷ് പറഞ്ഞു. എന്താ മാഷേ കാര്യം എന്നു ചോദിച്ചപ്പോൾ, മാഷ് കാങ്കോലിനടുത്തെവിടെയോ ഒരു വിവാഹ നിശ്ചയത്തിനു വന്നെന്നും, അവിടെയൊരാളോട് ശിവകുമാർ കാങ്കോൽ എന്നയാളെ അറിയുമോ എന്ന് ചോദിച്ചപ്പോൾ അയാൾ അറിയില്ല എന്നു പറഞ്ഞതും ഫോൺ നമ്പറില്ലാത്തതിനാൽ വിളിക്കാൻ പറ്റിയില്ല എന്നും പറഞ്ഞു.

അവസാനമായി കണ്ടപ്പോൾ ശിവൻ ലാൽജോസിന്റെ പുതിയ സിനിമ(നീലത്താമര) കണ്ടോ എന്നന്വേഷിച്ചു, ഇല്ല മാഷേ എന്താ കാര്യം എന്നു ചോദിച്ചപ്പോൾ സിനിമകാണൂ, ശിവന് വളരെ വേണ്ടപ്പെട്ട ഒരാൾ അതിലുണ്ട് എന്ന് മാഷഭിനയിച്ച കാര്യം പരോക്ഷമായി പറഞ്ഞു.

തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ റുപ്പീ എന്ന രഞ്ജിത് സിനിമയിലെ ഈ പുഴയും സന്ധ്യകളും എന്ന ഗാനം ജനപ്രിയമായ സമയമായിരുന്നു അത്. ആളുകൾ അതേറ്റു ചൊല്ലിയ സമയം.

മാഷ് വിടവാങ്ങിയ ഒക്ടോബറിലെ ആ ദിവസം അതിരാവിലെ വന്ന ഫോൺ കോളിനു ശേഷം എന്‍റെ കരച്ചിൽ കേട്ട് വീട്ടുകാർ ചുറ്റും കൂടി. കുറച്ചധികം നേരമെടുത്തിട്ടേ ഞാൻ കേട്ട വാർത്ത എനിക്കവരെ അറിയിക്കാൻ കഴിഞ്ഞുള്ളൂ.

നീണ്ട യാത്ര കഴിഞ്ഞ് ഒടുവിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ എത്തി, അവിടെ കിടത്തിയ മാഷുടെ ഭൗതിക ശരീരത്തിനരികിൽ വേദനയോടെ നിൽക്കവേ, അടഞ്ഞുകിടക്കുന്ന മാഷുടെ കണ്ണിൽ നിന്നും വശങ്ങളിലൂടെ ഇളം നിറത്തിൽ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

മരണാനന്തരം മാഷ് കണ്ണ് ദാനം ചെയ്തതിനാൽ ചെയ്ത സർജറിയുടേതാണ് അതെന്ന് അവിടെയാരോ പറഞ്ഞു. കാഴ്ചയുടേയും കാഴ്ചപ്പാടിന്‍റെയും വെളിച്ചം തന്റെ ജീവിതത്തിനുമപ്പുറത്തേക്ക് നീട്ടിനൽകി മാഷ് വിടവാങ്ങി. ആ ഓർമകൾക്ക് എട്ട് വയസ്സാകുന്നു. ആദരവോടെ പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News