ഐതിഹാസിക മുന്നേറ്റത്തിന്റെ ഓര്‍മ പുതുക്കി പുന്നപ്ര രക്തസാക്ഷി ദിനം ഇന്ന്; വയലാറില്‍ ചെങ്കൊടി ഉയര്‍ന്നു

വീരോചിത പോരാട്ടത്തിന്റെയും ഐതിഹാസിക മുന്നേറ്റത്തിന്റെയും ഓര്‍മ പുതുക്കി പുന്നപ്ര രക്തസാക്ഷി ദിനം ഇന്ന് ആചരിക്കും. വാരാചരണത്തിന് തുടക്കംകുറിച്ച് വയലാറില്‍ കൊടി ഉയര്‍ന്നു. സമരസേനാനി കെ കെ ഗംഗാധരന്‍ വയലാര്‍ രക്തസാക്ഷി നഗറില്‍ പതാക ഉയര്‍ത്തി.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനും സാമ്രാജ്യത്വശക്തികളുടെ കോളനിയാക്കാനും ദിവാന്‍ സര്‍ സി പി രാമസ്വാമി രൂപപ്പെടുത്തിയ ‘അമേരിക്കന്‍ മോഡലി’നെതിരായ ഉജ്വല സമരത്തിന്റെ സ്മരണയാണ് പുതുക്കുന്നത്. സര്‍ സിപിയുടെ അമേരിക്കല്‍ മോഡലിനെതിരെ തൊഴിലാളിവര്‍ഗം ചെങ്കൊടിയെ നെഞ്ചിലേറ്റി നടത്തിയ പോരാട്ടത്തിന്റെ സ്മരണകളുമായാണ് പുന്നപ്ര രക്തസാക്ഷി ദിനാചരണം.

1946 ഒക്‌ടോബര്‍ 23ന് പുന്നപ്ര വെടിവെയ്പ്പില്‍ ഒട്ടേറെയാളുകള്‍ കൊല്ലപ്പെട്ടു. വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയില്‍ രക്തസാക്ഷി സ്മരണകളോടെ ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തും. ചെറുജാഥകളായി നൂറുകണക്കിനുപേര്‍ കളര്‍കോട് ജങ്ഷനിലും വണ്ടാനം മെഡിക്കല്‍ കോളേജ് ജങ്ഷനിലും അണിനിരക്കും. 10ന് ദേശീയപാത വഴി ഇരുറാലികളും കപ്പക്കട ജങ്ഷനില്‍ സംഗമിച്ച് സമരഭൂമിയില്‍ എത്തും. പകല്‍ 11ന് സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും രക്തസാക്ഷി അനുസ്മരണ സമ്മേളനവും. സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവര്‍ സംസാരിക്കും.

പകല്‍ മൂന്നിന് സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപ നടയില്‍നിന്ന് ദീപശിഖ പ്രയാണം തുടങ്ങും. പുന്നപ്ര- വയലാര്‍സമര സേനാനി പുന്നപ്ര വടക്ക് പഞ്ചായത്ത് 17–ാം വാര്‍ഡ് പുളിക്കല്‍ ഗ്രിഗറിയുടെ മകള്‍ കണ്‍മണി കൊളുത്തി നല്‍കുന്ന ദീപശിഖ എസ്ഡി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എ ആര്‍ ശങ്കര്‍ ഏറ്റുവാങ്ങും.

വൈകിട്ട് ആറിന് പറവൂരില്‍ എത്തുമ്പോള്‍ സ്വാതന്ത്ര്യസമര സേനാനി ഇരുപത്തഞ്ചില്‍ വീട്ടില്‍ എം പി കുമാരന്റെ ചെറുമകന്‍ ഇ ജെ അജിത്തില്‍നിന്നും വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ ദീപശിഖ ഏറ്റുവാങ്ങി അനുസ്മരണ മണ്ഡപത്തില്‍ സ്ഥാപിക്കും.

വൈകിട്ട് 6.30 ന് പറവൂര്‍ രക്തസാക്ഷി നഗറില്‍ ചേരുന്ന പൊതുസമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍, എ എം ആരിഫ് എം പി, സിപിഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് ആറിന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ദീപക്കാഴ്ചയും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here