കൊച്ചിയിലെ വെള്ളക്കെട്ട്; ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഹൈക്കോടതി; മുഖ്യമന്ത്രി ഇടപ്പെട്ടില്ലായിരുന്നങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവുമായിരുന്നെന്നും കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി ഹൈക്കോടതി. മുഖ്യമന്ത്രി ഇടപ്പെട്ടില്ലായിരുന്നങ്കില്‍ സ്ഥിതി കുടുതല്‍ വഷളാവുമായിരുന്നന്നും കോടതി പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് 4 മണിക്കൂര്‍ കൊണ്ട് കലൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് വെള്ളം ഒഴുക്കിക്കളഞ്ഞതെന്നും കോടതി പറഞ്ഞു.

പ്രശ്‌നത്തില്‍ എജി ഹൈക്കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി.

സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തിയെന്ന് എജി വിശദീകരിച്ചു. വെള്ളക്കെട്ടുണ്ടായപ്പോള്‍ ജില്ലാ ഭരണകൂടം കോര്‍പ്പറേഷനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടെതെന്നും എജി കോടതിയെ അറിയിച്ചു.

വെള്ളക്കെട്ടില്‍ കോര്‍പ്പറേഷനെതിരെ ഇന്നും രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.

ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് നിരീക്ഷിച്ചു. വെള്ളക്കെട്ടു പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദൗത്യസംഘം രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

വെള്ളക്കെട്ടില്‍ കോര്‍പ്പറേഷന്‍ ഒഴിവുകഴിവു പറയുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ആര്‍ക്കും പാഠമായില്ല. കനത്ത മഴയും വേലിയേറ്റവുമാണ് വെള്ളക്കെട്ടിനു കാരണം എന്നാണ് പറയുന്നത്. എന്നാല്‍ അതിന് എന്തു തെളിവാണ് കോര്‍പ്പറേഷന്റെ കൈവശമുള്ളതെന്നും കോടതി ചോദിച്ചു.

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കോര്‍പ്പറേഷനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസവും ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here