കൊച്ചി പഴയ കൊച്ചി തന്നെ; പക്ഷെ തിരുവനന്തപുരം അങ്ങനല്ല..

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ട്രോളുകളിലൊന്ന് കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വെള്ളക്കെട്ടിനെ താരതമ്യം ചെയ്തുള്ളതായിരുന്നു. രണ്ട് നഗരസഭകളുടെ ഇടപെടലുകളിലുള്ള വ്യത്യാസമാണ് അതില്‍ അവതരിപ്പിച്ചത്. ഒരു രാത്രി നീണ്ട മഴയില്‍ കൊച്ചി നഗരം മുങ്ങുന്ന കാഴ്ചയാണ് തിങ്കളാഴ്ച കണ്ടത്. മഹാപ്രളയത്തില്‍ പോലും മുങ്ങാതിരുന്ന കൊച്ചിയെ വിഴുങ്ങിയ വെള്ളക്കെട്ടില്‍നിന്ന് രക്ഷിച്ചത് മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവാണ്.

ഞായറാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയില്‍ നഗരം മുങ്ങി. അതിരാവിലെ മുതല്‍ മഴ വീണ്ടും കനത്തു. കലൂരിലെ കെഎസ്ഇബി സബ് സ്റ്റേഷനില്‍ വെള്ളം കയറിയതോടെ വൈദ്യുതി നിലച്ചു. ട്രാക്കുകളില്‍ വെള്ളം നിറഞ്ഞ് ട്രെയിന്‍ നിന്നു. ഗതാഗതവും ജലവിതരണവും താറുമാറായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി. വിവരമറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍ എസ് സുഹാസിനോട് വെള്ളക്കെട്ട് ഒഴിവാക്കാന്‍ എന്തു നടപടിയുമെടുക്കാന്‍ നിര്‍ദേശിച്ചു.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ യുദ്ധകാലനടപടി ആരംഭിച്ചു. കെഎസ്ഇബി സബ്സ്റ്റേഷനില്‍ പമ്പിങ് തുടങ്ങി. രാത്രി ഒമ്പതരയോടെ രണ്ടു വലിയ പമ്പുകള്‍ എത്തിച്ച് വെള്ളം വറ്റിച്ചു. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലേക്കുള്ള ബണ്ട് പൊട്ടിച്ചു. കനാലിലെ സ്ലാബുകള്‍ ഇളക്കി വെള്ളമൊഴുക്കി. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും പമ്പിങ്ങ് തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുവരെ നീണ്ട പ്രയത്‌നത്തിനൊടുവില്‍ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിഞ്ഞു. നഗരസഭ നിസ്സംഗമായി നിന്നപ്പോള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍. നാലു മണിക്കൂര്‍; 2800 ജീവനക്കാര്‍. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ദൗത്യം സമ്പൂര്‍ണ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here