കേരള ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താന്‍ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പ്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തില്‍ 87എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നത്.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ 11 തടവുകാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഭൂജല വകുപ്പിലെ 206 എസ്എല്‍ആര്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കും. ഐഎച്ച്ആര്‍ഡിയിലെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പള സ്കെയില്‍ പത്താം ശമ്പളപരിഷ്കരണത്തിന് ആനുപാതികമായി വര്‍ധിപ്പിക്കും.

സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സര്‍ക്കാര്‍ സര്‍വ്വീസിലെ എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷ ഉദ്യോഗാര്‍ഥികളെ നിലവില്‍ മലയാളം ടൈപ്പ്റൈറ്റിംഗ് യോഗ്യത നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം വിവിധ സര്‍ക്കാര്‍ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്ക് പിഎസ്‌‌സി മുഖേനയുള്ള എല്‍ഡി ടൈപ്പിസ്റ്റ് നിയമനത്തിനു കൂടി ബാധകമാക്കും.