വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യഫലസൂചനകള്‍ എട്ടരയോടെ; ജനവിധിയറിയാം, കൈരളി ന്യൂസിനൊപ്പം #Watchlive

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

കാണാം.. കെെരളി ന്യൂസ് തത്സമയം..

വോട്ടെടുപ്പ് പൂര്‍ത്തിയാക്കി അതിസുരക്ഷാ മുറികളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ അല്‍പസമയത്തിനുള്ളില്‍ പുറത്തെത്തിക്കും. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് റൂമുകള്‍ തുറക്കുന്നത്.

ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക നിരയായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റും കൗണ്ടിങ് കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുള്ള ടേബിളുകളിലേക്ക് ബൂത്ത് അടിസ്ഥാനത്തില്‍ത്തന്നെ മാറ്റും.

ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. അങ്ങനെ ഉച്ചയ്ക്ക് മുന്‍പ് ഫലപ്രഖ്യാപനം.

പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുന്നത്. തുടര്‍ന്നായിരിക്കും വോട്ടിംഗ് മിഷ്യനുകള്‍ എണ്ണി തുടങ്ങുക. ഓരോമണ്ഡലത്തിലേയും അഞ്ച് വി വി പാറ്റ് മിഷ്യനുകളായിരിക്കും എണ്ണുന്നത്.

വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. പത്തുമണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും. അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.93 ശതമാനമാണ് പോളിങ്.

മഞ്ചേശ്വരത്ത് 75.78, എറണാകുളത്ത് 57.9, അരൂരില്‍ 80.47, കോന്നിയില്‍ 70.07, വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനം പോളിംഗ് നടന്നു. അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളില്‍ ആകെയുണ്ടായിരുന്ന 9,57,509 വോട്ടര്‍മാരില്‍ 6,69,596 പേര്‍ വോട്ടു രേഖപ്പെടുത്തി.

ഇതില്‍ 3,26, 038 പേര്‍ പുരുഷന്‍മാരും, 3,43,556 പേര്‍ സ്ത്രീകളും, രണ്ടുപേര്‍ ട്രാന്‍സ്ജെന്‍ഡറുകളുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 13.7 ശതമാനം പോളിംഗ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്.

മഞ്ചേശ്വരത്ത് 0.41 ശതമാനവും അരൂരില്‍ 4.96 ശതമാനവും കോന്നിയില്‍ 3.12 ശതമാനവും വട്ടിയൂര്‍ക്കാവില്‍ 7.17 ശതമാനവും 2016 നേക്കാള്‍ കുറവുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും.

ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നതു നറുക്കിട്ടാകും തീരുമാനിക്കുക. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിക്കഴിഞ്ഞ ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വോട്ടെണ്ണല്‍ കേന്ദ്രത്തിനു ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News